Deshabhimani

ഓൾഡല്ല സുജിത്തിനിത്‌ ‘ഗോൾഡ്‌’

SUJITH

ഓമല്ലൂർ മുള്ളനിക്കാട്ടെ വീട്ടിൽ പഴയ സ്‌കൂട്ടറുകൾ നന്നാക്കുന്ന സുജിത്

avatar
ആർ ഹരീഷ്‌

Published on Aug 11, 2025, 12:15 AM | 1 min read



പത്തനംതിട

ഒരു കാലത്ത്‌ രാജകീയ പ്ര‍ൗഡിയോടെ നിരത്തുകൾ അടക്കിവാണവയാണ്‌ സ്‌കൂട്ടറുകൾ. ‘ചെത്ത് പിള്ളേരുമായി' ചീറിപ്പാഞ്ഞ വിജയ്‌ സൂപ്പറും ലാംബ്രിട്ടയും ചേതക്കും അങ്ങനെ പലതുണ്ട്‌. അവയുടെ പഴയകാലപ്പെരുമ ഉയർത്തി ഉപയോഗിക്കുന്ന പലരുമുണ്ടിന്ന്. ആ വാഹന പ്രേമികൾക്ക് പ്രോത്സാഹനമാകുകയാണ് ഓമല്ലൂർ മുള്ളനിക്കാട്ട്‌ ഒരു ചെറുപ്പക്കാരൻ. മലയിരിക്കുന്നതിൽവീട്ടിൽ സുജിത് വിന്റേജ് സ്കൂട്ടർപ്രേമി മാത്രമല്ല, ഏതും നന്നാക്കി പുത്തൻ പുതിയതാക്കും.

ഇലക്ട്രിക്കൽ ഡിപ്ലോമയാണ്‌ പഠിച്ചതെങ്കിലും സുജിത്തിന് പിന്നീട്‌ വഴങ്ങിയത് മെക്കാനിസമാണ്. പഠന ശേഷം എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും ടൂവീലർ വർക്ക്‌ ഷോപ്പിലുംനിന്ന് പണി പഠിച്ചു. ഇവിടെ വച്ചാണ്‌ പഴയ സ്‌കൂട്ടറുകളോട്‌ കമ്പം തുടങ്ങുന്നത്‌. പിന്നീടതൊരു അഭിനിവേശമായി. അത്തരം വാഹനങ്ങളുടെ മെക്കാനിസത്തെ കുറിച്ച്‌ കൂടുതൽ അറിഞ്ഞു. വാഹനങ്ങൾ ശേഖരിക്കാനും പണിയാനും തുടങ്ങി. മൂന്നുവർഷമായി സുജിത് വീട്ടുമുറ്റത്ത്‌ തന്നെയാണ് വണ്ടിപ്പണി നടത്തുന്നത്. പലയിനം പഴയകാല സ്കൂട്ടറുകളുടെ വലിയ ശേഖരം തന്നെയുണ്ട് ഇവിടെ. ദൂരസ്ഥലങ്ങളിൽ നിന്നും അറിഞ്ഞുകേട്ട് സ്കൂട്ടറുമായി ആളുകൾ വരുന്നു. ചേതക്ക് കബ്ബും പ്രീമിയറും വെസ്പയുമെല്ലാം ഇവിടെയുണ്ട്. ഏത്‌ സ്‌കൂട്ടറിന്റെയും തകരാർ കണ്ടുപിടിച്ച്‌ പണിത്‌ നൽകും. എല്ലാ വാഹനങ്ങളുടെയും സ്പെയർ പാർട്സ് ഓൺലൈനായിട്ട് വരുത്തും. അങ്ങനെ കെആർബി, കെആർപി, കെസിഇ, കെസിക്യു തുടങ്ങി നമ്പറുകളിലുള്ള വാഹനങ്ങൾ നമ്മുടെ റോഡുകളിൽ ഇനിയും ഓടും.

​

പഴമ നിലനിർത്താം, ഓൺലൈനായി

കമ്പനികളും മോഡലും നിർത്തിയതോടെ സ്പെയർ പാർട്സുകളുടെ ലഭ്യത കുറഞ്ഞതാണ് പഴയ സ്കൂട്ടറുകൾ ഏവരും ഉപയോഗം നിർത്തിയത്. മെക്കാനിക്കുകൾ ഈ വർക്കുകൾ നിർത്തിയതും ഇത് മൂലമാണ്. ഇത് പരിഹരിക്കാൻ സുജിത് ഓൺലൈൻ മാർക്കറ്റിങ് ആരംഭിച്ചു. വടക്കേന്ത്യയിലെ ചില സ്ഥലങ്ങളിൽ പഴയ സ്‌കൂട്ടറുകളുടെ പാർട്സുകൾ നിർമിച്ച് വിൽപന നടത്തുന്ന കമ്പനികളിൽ നിന്ന് ഓൺലൈനായി പർച്ചേസ് ചെയ്യുകയാണ് സുജിത്ത്. പഴയ സ്‌കൂട്ടറുകൾ ഇഷ്ടപ്പെടുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും ഓൺലൈൻ കൂട്ടായ്‌മയും ഉപയോഗിക്കുന്നു. യൂട്യൂബ് ചാനലും ഉണ്ട്‌. ഫോൺ: 9744405036

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home