യുഡിഎഫ് സർക്കാർ സംഘപരിവാറിന് പരവതാനി വിരിക്കുന്നു: പി ജയരാജൻ

ഡിവൈഎഫ്ഐ എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന കൂത്തുപറന്പ് രക്തസാക്ഷി ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു
എഴുമറ്റൂർ
കേരളം ഭരിക്കുന്ന വി ഡി സതീശൻ സർക്കാരും സംഘപരിവാർ ശക്തികൾക്ക് പരവതാനി വിരിക്കുന്ന തിരക്കിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ പറഞ്ഞു. ഡിവൈഎഫ്ഐ എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന കൂത്തുപറന്പ് രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിച്ചതും ഇതിനുദാഹരണമാണ്. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾക്കനുകൂലമായുണ്ടായ കോടതിവിധി ഇവർക്ക് പ്രഹരമായി. രാജ്യത്തെമ്പാടും വിദ്യാർഥികളും യുവജനങ്ങളും സമാനരീതിയിലുള്ള പ്രക്ഷോഭമാണ് കഴിഞ്ഞ നാളുകളിൽ നടത്തിയത്.
ആർഎസ്‌എസ് നേതൃത്വത്തിൽ ബിജെപി സർക്കാർ ഭരണഘടന തിരുത്തിയെഴുതാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടത്തുന്നത്.
മതത്തിന്റെ പേരിൽ രാജ്യത്തെ രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പതിമൂന്ന് കോടി ജനങ്ങളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നുവന്നു. ഇതിന് പ്രതിപക്ഷകക്ഷികളെ യോജിപ്പിച്ചത് സിപിഐ എം നേതൃത്വത്തിലാണെന്നും ജയരാജൻ പറഞ്ഞു.
ബ്ലോക്ക് സെക്രട്ടറി അഹമ്മദ് ഷാ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശ്യാമ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബിന്ദു ചന്ദ്ര മോഹൻ, സിപിഐ എം എഴുമറ്റൂർ ഏരിയ സെക്രട്ടറി ഇ കെ അജി, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ് എന്നിവർ സംസാരിച്ചു.









0 comments