ഹരി നിർമിക്കും... സപ്‌തസ്വരസാഗരം

നിർമാണം പൂർത്തിയാക്കിയ ഹാർമോണിയത്തിൽ ഹരികുമാർ ശ്രുതി മീട്ടുന്നു
ഷാഹീർ പ്രണവം
Published on May 14, 2026, 12:05 AM | 1 min read
കോന്നി
ഇലക്‌ട്രോണിക് ശ്രുതിപ്പെട്ടികളുടെ വരവുകൊണ്ട് കുറച്ചു മങ്ങലേറ്റെങ്കിലും സംഗീതപ്രിയർക്ക് മറക്കാനാവാത്ത ഒന്നുണ്ട്. "സാ... പാ...' എന്ന് ശ്രുതിചേർത്തെടുക്കാൻ പണ്ടെന്നും കൂടെയുണ്ടായിരുന്ന "കിന്നരപ്പെട്ടി' അഥവാ ഹാർമോണിയം. ഇത് നിർമിക്കുന്നതിൽ തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചിരിക്കയാണ് കോന്നി മഠത്തിൽക്കാവ് കൊട്ടകുന്നേൽ കല്ലുവിളയിൽ ഹരികുമാർ. ഹാർമോണിയം നിർമാണത്തിലെ മൂന്നാം തലമുറക്കാരൻ.
അച്‌ഛൻ രാജപ്പനാചാരിയും ബന്ധു രംഗനാഥനും ഹാർമോണിയ നിർമാണത്തിൽ വിദഗ്ധരായിരുന്നു. പിതാവിന്റെ പാത പിന്തുടരാനുള്ള ആഗ്രഹത്തെ തുടർന്ന് കോട്ടയം സ്വദേശിയും സംഗീത അധ്യാപകനുമായ ശിവരാമനിൽ നിന്നാണ് നിർമാണം പഠിച്ചെടുത്തത്. മുമ്പ് കാഥികരും ഭജനക്കാരും നാടകഗാനം ആലപിക്കുന്നവരും ഏറ്റവും ആശ്രയിച്ചിരുന്നത് ഹാർമോണിയത്തെയാണ്. വി സാംബശിവനും കെടാമംഗലം സദാനന്ദനും അടക്കമുള്ളവർ പക്കമേളക്കാരെ പരിചയപ്പെടുത്തുമ്പോൾ ആദ്യം പറയുക ഹാർമോണിസ്റ്റുകളുടെ പേരായിരുന്നു. പേരെടുത്ത ഭാഗവതർമാർ ശിഷ്യരെ പഠിപ്പിച്ചിരുന്നത് ഹാർമോണിയത്തിൽ ശ്രുതിയിട്ടാണ്. കാലത്തിന്റെ പരിഷ്കാരങ്ങൾക്കൊപ്പം ഹാർമോണിയത്തിനും അൽപ്പം മങ്ങലേറ്റു. എങ്കിലും ഹാർമോണിയത്തെ ശാസ്‌ത്രീയ സംഗീതത്തിന്റെ അടിസ്ഥാന ഉപകരണമായി കരുതുന്നവർ ഇന്നുമുണ്ട്.
തേക്ക് തടി, തുകൽ, പിച്ചള റീഡ്, കീബോർഡ് എന്നിവയാണ് പ്രധാന നിർമാണ ഭാഗങ്ങൾ. ബാസ്, മെയിൽ, ഫീമെയിൽ എന്നിങ്ങനെ മൂന്ന് തരം ശബ്ദങ്ങൾ ഇതിൽ ക്രമീകരിക്കുന്നു. ആവശ്യമനുസരിച്ചാണ് ഹാർമോണിയത്തിൽ സിംഗിൾ, ഡബിൾ, ത്രിബിൾ, ഫോർ മ്യൂസിക്കുകൾ ക്രമീകരിക്കുക. പത്തിലേറെ ദിവസം വേണ്ടി വരും ഒരു ഹാർമോണിയം നിർമിക്കാൻ. 37,000 മുതൽ 45,000 വരെയാ ണ് വില. റെഡിമെയ്‌ഡ് ഹാർമോണിയം കിട്ടുമെങ്കിലും ഇവയ്ക്ക് ഗുണമേന്മയില്ല. കൽക്കട്ട, പുനെ എന്നിവിടങ്ങളിലാണ് ആവശ്യമായ സാധനങ്ങൾ കിട്ടുക. പുതി യവയുടെ നിർമാണം മാത്രമല്ല കേടുപാടുകളും ഹരികുമാർ പരിഹരിച്ച് നൽകും.










0 comments