ജീവനക്കാരുടെ ഉജ്വല മാർച്ച്
‘സിവിൽ സർവീസിനെ തകർക്കരുത്’

പത്തനംതിട്ട
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ ഉജ്വല മാർച്ച്. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനു ജീവനക്കാർ അണിനിരന്നു. ടൗൺ സ്‌ക്വയറിൽ നടന്ന ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ഒ ടി ദിപിൻദാസ്, വൈസ് പ്രസിഡന്റ് ജി അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക, ഏൺഡ് ലീവ് സറണ്ടർ റദ്ദാക്കിയ നടപടി പിൻവലിക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജില്ലാ മാർച്ച്. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഹംസ കണ്ണാട്ടിൽ, എസ് ലക്ഷ്‌മീദേവി, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്‌സ്, ജില്ലാ ട്രഷറർ എൽ അഞ്‌ജു, വൈസ് പ്രസിഡന്റ് കെ രവിചന്ദ്രൻ, എസ് റെജിമോൻ, അനൂപ് അനിരുദ്ധൻ, ചിനു എസ് നായർ, എസ് അൻഷാദ്, കെ എം ജെസ്‌ന, കെ എം അൻസാരി എന്നിവർ നേതൃത്വം നൽകി.










0 comments