പെൻഷൻ അട്ടിമറി: നാടെങ്ങും ജനരോഷം

ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെ തൃക്കൊടിത്താനം വില്ലേജ് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ നാടെങ്ങും ജനരോഷം. കെഎസ്‌കെടിയു നേതൃത്വത്തിൽ പെൻഷൻ ഗുണഭോക്താക്കൾ ജില്ലയിലെ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി. പെൻഷൻ ഗുണഭോക്താക്കളായ ആയിരങ്ങൾ മാർച്ചിലും ധർണയിലും പങ്കാളികളായി. സാമൂഹ്യ സുരക്ഷയും പെൻഷനും ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെഎസ്‌കെടിയു സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതി നിർത്തിവച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തൃക്കൊടിത്താനം വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. നിർധനരായ വയോധികരുടെ ക്ഷേമ പെൻഷനുകൾ അട്ടിമറിക്കാനുള്ള ശ്രമമാണ് വി ഡി സതീശൻ സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെൻഷന് അർഹതയുള്ള കിടപ്പു രോഗികളും, പ്രായാധിക്യത്താൽ നടക്കാൻ കഴിയാത്തവരും പെൻഷൻ വാങ്ങാൻ ബുദ്ധിമുട്ടേണ്ടി വരും. ജനങ്ങളെ വലയ്‌ക്കാതെ പെൻഷൻ വീടുകളിൽ എത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പായിപ്പാട് വില്ലേജ് ഓഫീസ് മാർച്ചും ധർണയും ജില്ലാ സെക്രട്ടറി സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്തു. മാടപ്പള്ളി വില്ലേജ് ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ അനിൽകുമാറും നാട്ടകം വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരനും ഉദ്‌ഘാടനം ചെയ്‌തു. കടുത്തുരുത്തി വില്ലേജ് ഓഫീസ് ധർണയിൽ ജില്ലാ പ്രസിഡന്റ് പി വി സുനിൽ സംസാരിച്ചു.










0 comments