വില്ലേജ് ഓഫീസുകളിലേക്ക് പെൻഷൻകാരുടെ മാർച്ച്


സ്വന്തം ലേഖകൻ
Published on Aug 21, 2026, 01:53 AM | 1 min read
കോഴിക്കോട്
സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കങ്ങളിൽ പ്രതിഷേധിച്ച് പെൻഷൻ ഗുണഭോക്താക്കൾ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. ക്ഷേമപെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതി തുടരണമെന്നാവശ്യപ്പെട്ട് കേരള കർഷകതൊഴിലാളി യൂണിയന്റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്‌മ. ജില്ലയിൽ നൂറ് വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കാളികളായി. ക്ഷേമവും സുരക്ഷയും ഒൗദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ വിതരണത്തിലും അവ വർധിപ്പിക്കുന്നതിലും മനുഷ്യത്വപരമായ നടപടിയാണ് സ്വീകരിച്ചത്. 600 രൂപയിൽ നിന്ന് രണ്ടായിരം രൂപയാക്കി പെൻഷൻ വർധിപ്പിച്ചു. എന്നാൽ യുഡിഎഫ് അധികാരത്തിലിരുന്നപ്പോൾ പെൻഷൻ ലഭിക്കുന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളുണ്ടായിരുന്നില്ല. അന്ന് പെൻഷൻ 18 മാസം വരെ കുടിശ്ശികയായിരുന്നു. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരാണ് കുടിശ്ശിക തീർത്തത്. ഇപ്പോൾ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനെതിരെയാണ് ഗുണഭോക്താക്കളുടെ പ്രതിഷേധം. കുറ്റ്യാടി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശനും ശിവപുരം വില്ലേജ് ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് ആർ പി ഭാസ്‌കരനും ചെങ്ങോട്ട്‌കാവ് വില്ലേജ് ഓഫീസ് മാർച്ച് ട്രഷറർ കെ കെ മുഹമ്മദും ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മോഹനൻ നടുവണ്ണൂരിലും സി ബാലൻ കോട്ടൂരിലും പി ബാബുരാജ് കീഴരിയൂരിലും ഉദ്‌ഘാടനം ചെയ്‌തു.










0 comments