നഗരത്തെ ചുവപ്പിച്ച് ജീവനക്കാരുടെ പ്രകടനം

വിവിധ ആവശ്യങ്ങളുന്നയിച്ച് ആലപ്പുഴയിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച്
ആലപ്പുഴ
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര-, സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‍കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. ആലപ്പുഴ കലക്ടറേറ്റ് അങ്കണത്തിൽനിന്ന് ആരംഭിച്ച മാർച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ സമാപിച്ചു. ധർണ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്‍തു. ജില്ലാ പ്രസിഡന്റ് ജി രാജേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സിലിഷ്, എഫ് റഷീദാകുഞ്ഞ് , ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് , ട്രഷറർ ടി കെ മധുപാൽ എന്നിവർ സംസാരിച്ചു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.










0 comments