പുന്നപ്ര തീരത്ത് കള്ളക്കടൽ പ്രതിഭാസം

പുന്ന പ്ര സമരഭൂമി തീരത്ത് കടൽജലം കയറിയപ്പോൾ
അമ്പലപ്പുഴ
പുന്നപ്ര തീരത്ത് വേലിയേറ്റം മൂലമുള്ള കള്ളക്കടൽ പ്രതിഭാസം.കൂറ്റൻ തിരമാലകൾ കരയിലേക്കെത്തി പൊഴികൾ നിറഞ്ഞു കവിഞ്ഞു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളുടെ തീരത്താണ് തിരമാലകൾ കരയിലേക്കടിച്ചു കയറിയത്. പൊഴികൾ നിറഞ്ഞു കവിഞ്ഞതോടെ കരക്കു കയറ്റിയിരുന്ന മീൻപിടിത്ത വള്ളങ്ങൾക്ക് കേടുപാടുകളുമുണ്ടായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ പൂമീൻ പൊഴി, പുന്നപ്ര തെക്ക് പഞ്ചായത്തിലെ കൊച്ചു പൊഴി, വാവക്കാട് പൊഴി, പുന്നപ്ര വടക്കിലെ അറപ്പ പൊഴി, ആലപ്പുഴ വാടപ്പൊഴി ഉൾപ്പടെ വേലിയേറ്റത്തിൽ നിറഞ്ഞു കവിഞ്ഞു. തീരത്തുനിന്നും നൂറുമീറ്ററോളം കരയിലേക്ക് വെള്ളം ഇരച്ചുകയറി. പുന്നപ്ര ചള്ളി തീരത്തെ കൂറ്റന്‍ തിരമാലകള്‍ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കി. ഫിഷ് ലാൻഡിങ് സെന്ററില്‍ കയറ്റിവച്ച വള്ളങ്ങൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശം സംഭവിക്കുമെന്ന ഭീതിയിലായിരുന്നു തൊഴിലാളികൾ. അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച വലകള്‍ നഷ്ടപ്പെടുമെന്നതും ആശങ്കയിലാക്കി. കടൽഭിത്തിയും കടന്നെത്തിയ തിരമാലകൾമൂലം പൊഴികള്‍ കരകവിഞ്ഞതോടെ സമീപത്തെ വീടുകളും വെള്ളത്തിലായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ വള്ളങ്ങൾ കടലിലിറക്കിയിരുന്നില്ല.










0 comments