ad
Deshabhimani

പരിഹാരമാകുമോ 
ഇ‍ൗ ഓണക്കുരുക്കിന്‌?

ഓണം അടുത്തതോടെ കോഴിക്കോട് നഗരത്തിലുണ്ടായ ഗതാഗത തിരക്ക്.  പാളയത്തുനിന്നുള്ള ദൃശ്യം
വെബ് ഡെസ്ക്

Published on Aug 21, 2026, 01:56 AM | 1 min read

കോഴിക്കോട്

ഓണാഘോഷത്തിന്റെ തിരക്കിലേക്ക് നഗരം വഴിമാറിയതോടെ കോഴിക്കോട്ടെത്തുന്നവരുടെ സമയത്തിന്റെ പാതിയും ഗതാഗതക്കുരുക്കിലാകുന്നു. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും അതിനനുസരിച്ചുള്ള ഗതാഗത സംവിധാനങ്ങളില്ലാത്തത്‌ കുരുക്ക് രൂക്ഷമാക്കുന്നു. രാവിലെ മുതൽ നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവ്‌ കാഴ്‌ചയാണ്‌. എന്നാൽ ഓണം അടുത്തതോടെ കുരുക്ക്‌ ഇരട്ടിയായി. നഗരമധ്യത്തിലെ പുതിയ സ്‌റ്റാൻഡ്, മുതലക്കുളം, കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശം, കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ, മാങ്കാവ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, സിവിൽ സ്‌റ്റേഷൻ, കല്ലായി, മീഞ്ചന്ത, തൊണ്ടയാട് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക്‌ മണിക്കൂറുകളോളം നീളുന്നു. കുന്നമംഗലം, പയ്യോളി, വടകര, താമരശേരി ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകളിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട്ടെത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ ഇടം തേടി നഗരം ചുറ്റേണ്ടിവരുന്ന സ്ഥിതിയാണ്‌. നഗരത്തിലെ പ്രധാന വ്യാപാര, വിനോദ കേന്ദ്രങ്ങളായ മിഠായിത്തെരുവ്, മാനാഞ്ചിറ, വലിയങ്ങാടി, പാളയം എന്നിവിടങ്ങളിലെത്തുന്ന വാഹനങ്ങളാണ് പാർക്കിങ്‌ സൗകര്യമില്ലാതെ വലയുന്നത്. സ്വകാര്യ പാർക്കിങ്‌ കേന്ദ്രങ്ങളിലും സൗകര്യം പരിമിതമാണ്. അതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിന്റെ ഇരുവശങ്ങളിലും നിർത്തിയിടുന്നത് പതിവായി. ഗതാഗത തടസമാകുന്ന രീതിയിലുള്ള പാർക്കിങ്ങും നഗരത്തിലെ കുരുക്കിന്റെ പ്രധാന കാരണമാണ്‌. വൈക്കം മുഹമ്മദ് ബഷീർ റോഡിലും കോംട്രസ്റ്റ് മതിലിനോട് ചേർന്നുള്ള ‘നോ പാർക്കിംഗ്’ മേഖലയിലുമടക്കം വാഹനങ്ങൾ നിർത്തിയിടുന്നു. നിരോധിത മേഖലകളിലെ പാർക്കിങ്‌ നിയന്ത്രിക്കാൻ സംവിധാനങ്ങളുണ്ടെങ്കിലും ബദൽ പാർക്കിങ്‌ സൗകര്യമില്ലാത്തതിനാൽ പ്രശ്നം വീണ്ടും ആവർത്തിക്കുകയാണ്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home