ad
Deshabhimani

ഇക്കുറി മാനംമുട്ടുന്നത് മനുഷ്യസ്നേഹം

വജ്ര തേജോ മുഖൻ (ഫയൽ ചിത്രം)
avatar
സുരേഷ്‌ വെട്ടുകാട്ട്‌,,

Published on Aug 21, 2026, 01:47 AM | 1 min read

കരുനാഗപ്പള്ളി

കാളകെട്ടുത്സവത്തിന് ഓച്ചിറ പടനിലം ഒരുങ്ങുമ്പോൾ ഓണാട്ടുകരയുടെ അഭിമാനമാകാൻ ഇക്കുറി വജ്രതേജോമുഖൻ ഇല്ല. പകരം മനുഷ്യസ്നേഹത്തിന്റെ ആകാശം കീഴടക്കാൻ വജ്രതേജോമുഖനെ രണ്ടുപതിറ്റാണ്ട് അണിനിരത്തിയ ക്ലാപ്പന ആലുംപീടിക ജീനിയസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തകർ ഒരുങ്ങുകയാണ്. ഒരു വർഷം മുമ്പുള്ള കാളകെട്ടുത്സവ സമയത്ത് ക്ലബ്ബ് അംഗം സുനിൽ റോഡ് അപകടത്തിൽ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിൽ ആംബുലൻസ് സേവനം ലഭിക്കാതെ മണിക്കൂറുകളാണ് റോഡിൽ കിടന്നത്. ഇതോടെയാണ് ചെലവുചുരുക്കി ആചാരപ്രകാരം ചെറിയ നന്ദികേശന്മാരെ ഒരുക്കിയശേഷം ബാക്കിയുള്ള പണം ഉപയോഗിച്ച് നാട്ടുകാർക്കായി ആംബുലൻസ് വാങ്ങി നൽകാൻ ക്ലബ് തീരുമാനിച്ചത്. കഴിഞ്ഞതവണ കാളകെട്ടിനായി ചട്ടംകൂട്ട് ചടങ്ങ് നടന്നപ്പോൾ തന്നെ ഇത്തരമൊരു ആശയം ഉയർന്നിരുന്നു. ഇതാണ് ഇക്കുറി യാഥാർഥ്യമാകുന്നത്. ​ഓർമയാകുന്നത് 
 42 അടി ഉയരമുള്ള നന്ദികേശൻ ​ഓണാട്ടുകരയിലെ മറ്റ് കാളക്കൂറ്റൻമാരിൽ നിന്ന് ഒരുപാട് വ്യത്യസ്തതകളുള്ള കെട്ടുകാളയായിരുന്നു ജീനിയസിന്റെ വജ്രതേജോമുഖൻ. 42 അടി ഉയരമുള്ള ഈ കൂറ്റൻ നന്ദികേശൻമാർ തലപ്പൊക്കത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു. വ്യത്യസ്തങ്ങളായ കൊത്തുപണികൾ കൊണ്ടും വജ്രതേജോമുഖൻ ശ്രദ്ധനേടി. ഇരു ചട്ടത്തിലുമുള്ള മകരമത്സ്യവും താങ്ങിനിൽക്കുന്ന സിംഹക്കാലും മ്യൂറൽ പെയിന്റ് ചെയ്ത 15അടി നീളവും പത്തടി വീതിയും ഉള്ള വീരാളിപ്പട്ടും പ്രധാന ആകർഷണമായിരുന്നു. രണ്ട് നന്ദികേശ ശിരസ്സിന്റെയും നടുവിൽ നാഗരാജ, നാഗയക്ഷി സങ്കൽപ്പത്തിലുള്ള ശില്‍പ്പങ്ങൾ, പുറത്തേക്ക് തിരിഞ്ഞുനിൽക്കുന്ന ചുരികമൂരി ശൈലിയിലുള്ള കൊമ്പുകൾ എന്നിവയെല്ലാം വജ്രതേജോമുഖന് മാത്രം സ്വന്തമായുള്ള അലങ്കാരങ്ങളാണ്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home