ad
Deshabhimani

പുനരുപയോഗവും പ്രകൃതിയും ചേർന്ന 'ഊര്‌'

ooru
വെബ് ഡെസ്ക്

Published on May 06, 2025, 03:39 AM | 2 min read

മല്ലപ്പള്ളി: ഭൂമിയുടെ ഘടനയ്ക്ക് മാറ്റം വരുത്താതെ മണ്ണും വെട്ടുകല്ലും തടിയും മണ്‍ കട്ടകളുമൊക്കെ ഉപയോഗിച്ച് 12,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച "ഊര്' ശ്രദ്ധേയമാകുന്നു. മുപ്പതോളം വർഷം ഡൽഹിയിൽ സാമൂഹ്യസേവന രംഗത്ത് പ്രവർത്തിച്ച മല്ലപ്പള്ളി സ്വദേശി ബിജു ഏബ്രഹാം തന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടിലെ വയോജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സാമൂഹ്യസംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതുപിന്നീട് ആർക്കും സന്തോഷവും സമാധാനവും നൽകുന്ന ഊര് ആയി മല്ലപ്പള്ളി മങ്കുഴിപ്പടിയിൽ രൂപാന്തരപ്പെട്ടു.


വ്യത്യസ്‌തവും പ്രകൃതിസൗഹൃദവുമായ കെട്ടിടം നിര്‍മിക്കാനായിരുന്നു താൽപ്പര്യം. ഇങ്ങനെയാണ്‌ സെന്റര്‍ ഓഫ് സയന്‍സ് ആൻഡ്‌ ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്റ്‌ എന്ന കോസ്റ്റ്ഫോർഡിലൂടെ ലാറി ബേക്കർ മാതൃകയിൽ കെട്ടിടം നിർമിച്ചത്‌. പുനരുപയോഗ്യമായ കെട്ടിടനിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ കെട്ടിടമാണിത്‌. നൂറ്റാണ്ടുകളോളം പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചെടുത്ത വസ്തുക്കള്‍ ഉപയോഗിച്ച് ഭൂമിയുടെ കിടപ്പനുസരിച്ച്‌ മൂന്ന് തട്ടുകളിലായി നിര്‍മിച്ച ഇതിന്റെ ജനലുകളും വാതിലുകളും ഭിത്തികളും മേൽക്കൂരയുമടക്കം പഴയതും പ്രകൃതിദത്തമാണ്. 55 വര്‍ഷം മുതല്‍ 900 വര്‍ഷം വരെ പഴക്കമുള്ള കെട്ടിടാവശിഷ്ടങ്ങൾ നിര്‍മാണത്തിന്‌ ഉപയോഗിച്ചു. പരിസ്ഥിതി സൗഹൃദമെങ്കിലും കാലാനുസൃതമായ മാറ്റങ്ങളോടെ ആധുനിക ജീവിതസാഹചര്യങ്ങൾക്കിണങ്ങുന്ന എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയതാണ്‌ കെട്ടിടം. ജന്മസ്ഥലം എന്ന അര്‍ഥത്തിൽ "ഊര് ' എന്ന്‌ പേരുമിട്ടു. പ്രകൃതിയെ ദ്രോഹിക്കാത്ത വിധമാണ് ക്യാമ്പസ് നിർമിച്ചിട്ടുള്ളതെങ്കിലും താനൊരു പരിസ്ഥിതി മൗലികവാദിയല്ലെന്നാണ് ബിജു ഏബ്രഹാം പറയുന്നത്. 24 പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് ഊരിന്റെ നിര്‍മാണത്തിനുപയോഗിച്ചത്. ഇതില്‍ 16 കെട്ടിടങ്ങള്‍ ബിജു ഏബ്രഹാം സ്വന്തമായി വാങ്ങി പൊളിച്ചു. ബാക്കി എട്ട്‌ കെട്ടിടാവശിഷ്ടങ്ങൾ പഴയ സാധനങ്ങൾ കച്ചവടം ചെയ്യുന്നവരിൽനിന്നും വാങ്ങി.


ooru


വീടുകള്‍, സ്കൂളുകൾ, ആശുപത്രി കെട്ടിടങ്ങള്‍, പള്ളികള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ആദ്യത്തെ ഗുഡ്സ് ഷെഡ്, കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആദ്യകെട്ടിടം തുടങ്ങിയവയുടെ അവശിഷ്‌ടങ്ങൾ ഇതിലുണ്ട്. കോട്ടയം ചിങ്ങവനം കുഴിമറ്റത്ത്‌ 900ത്തോളം വര്‍ഷം പഴക്കമുള്ള തറവാടിന്റെ ഉരുപ്പടികളാണ് ഊരിലെ ഏറ്റവും പഴക്കംചെന്ന നിര്‍മാണസാമഗ്രി. മണ്ണെടുക്കാതെ, ഒരു മരം പോലും മുറിച്ചുനീക്കാതെ പൂര്‍ണമായും പഴയ വസ്തുക്കള്‍ മാത്രമുപയോഗിച്ച് നിര്‍മിച്ച ഇത്ര വലിയ കെട്ടിടങ്ങൾ ലോകത്ത് തന്നെ അപൂര്‍വമാണ്‌. കശ്മീര്‍, ആന്‍ഡമാന്‍, ഗുജറാത്ത്, അസം തുടങ്ങിയ സ്ഥലങ്ങളിൽ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബിജു ഏബ്രഹാമിന് ആ മേഖലയില്‍ നിന്ന് ലഭിച്ച അറിവുകളും ഊരിന്റെ നിര്‍മാണത്തിന് കരുത്തായി. ദുരന്തഭൂമിയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പുതിയ ആവാസ ഇടങ്ങൾ നിര്‍മിക്കുന്ന രീതി മനസ്സിലാക്കിയെങ്കിലും ആശയം വിജയത്തിലെത്തിക്കാനായത് കോസ്റ്റ്‌ഫോർഡിന്റെ നേതൃത്വവും പിന്തുണയുംകൊണ്ട് മാത്രമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ലാറി ബേക്കറിന്റെ ശിഷ്യനും പ്രശസ്‌ത വാസ്തുശിൽപ്പിയുമായ ആർ ഡി പത്മകുമാറാണ് ഊര് രൂപകൽപ്പന ചെയ്തത്. സാങ്കേതിക സഹായവും നിർമാണ ചുമതലയും കോട്ടയം കോസ്റ്റ്ഫോർഡിനുവേണ്ടി ഏറ്റെടുത്ത് നിർവഹിച്ചത് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കൂടിയായ എൻജിനീയർ ബിജു ജോൺ പുന്നവേലിയാണ്.


ooru


ടീം ഊരിന്റെ ഭാഗമായ പന്ത്രണ്ടോളം അംഗങ്ങളിൽ ഭൂരിഭാഗവും സ്വന്തം നാട്ടുകാര്‍ തന്നെ. ജോലി ഉപേക്ഷിച്ച് ഈ ലക്ഷ്യത്തിലേക്ക് കടന്നപ്പോള്‍ ബിജുവിന് എല്ലാ പിന്തുണയുമായി ഡൽഹിയില്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപികയായ ഭാര്യ എല്‍സി ഏബ്രഹാം ഉണ്ടായിരുന്നു. പീയൂഷ് ഏബ്രഹാം, പ്രണവ് ഏബ്രഹാം എന്നിവര്‍ മക്കളാണ്. രണ്ടുപേർക്കുള്ള മൂന്നുനേരത്തെ ഭക്ഷണം ഉള്‍പ്പെടെ ഒരു ദിവസത്തെ താമസത്തിന് 2,750 മുതൽ 3,750 രൂപയാണ് ഇവിടെ നിരക്ക്. മുൻകൂട്ടി ഓർഡർ നൽകി എത്തുന്നവർക്ക് ഏതുസമയത്തും സ്വാദിഷ്ട ആഹാരം ആസ്വദിക്കാനുള്ള സൗകര്യവും ഊരിലുണ്ട്. വിശേഷ അവസരങ്ങളിലും മറ്റും ഭക്ഷണം ആവശ്യമായി വരുമ്പോൾ ഓർഡർ സ്വീകരിച്ച് വീടുകളിൽ എത്തിക്കാനുള്ള ക്രമീകരണവുമുണ്ട്. സാഹിത്യ സാംസ്‌കാരിക മേഖലകളിലും സജീവ സാന്നിധ്യമായ ബിജു ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് പ്രവർത്തനങ്ങൾ. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും ഒട്ടേറെ വിദേശികളും ഊരിലെ സ്ഥിരം സന്ദര്‍ശകരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home