ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലെ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ

ഗൂഡല്ലൂർ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലെ കരാർ തൊഴിലാളികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് സിഐടിയു നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. കൃത്യമായി ശമ്പളം നൽകി ശമ്പളപ്പട്ടിക കൈമാറുക, ഇഎസ്ഐ, പിഎഫ് എന്നിവയിലെ ന്യൂനത ഉടനടി പരിഹരിക്കുക, തൊഴിലാളികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ‘ക്രിസ്റ്റൽ' എന്ന സ്വകാര്യ ഏജൻസിയുടെ കീഴിലാണ് ഇവിടെ തൊഴിലാളികൾ ജോലിചെയ്യുന്നത്. സംസ്ഥാനത്തെ നൂറ്റിയറുപതിലധികം ആശുപത്രികൾ കമ്പനിയുടെ കരാറിലാണ് പ്രവർത്തിക്കുന്നത്. ഒമ്പതുമുതൽ പത്ത് മണിക്കൂർവരെ കഠിന ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വെറും 6000മുതൽ 9000 രൂപമാത്രമാണ് വേതനം നൽകുന്നത്. ചിലർക്ക് മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. തൊഴിലാളി ദ്രോഹനയങ്ങളിൽ ജില്ലാ ഭരണസംവിധാനം ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. സിപിഐ എം ജില്ലാ സെക്രട്ടറി വി എ ഭാസ്കരൻ, സിഐടിയു ജില്ലാ പ്രസിഡന്റ് കെ ജെ വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ രാജൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ആർ സുരേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രാശി രവികുമാർ, ടി പി അരവിന്ദൻ എന്നിവർ സംസാരിച്ചു.









0 comments