വിലക്കയറ്റത്തിൽ ബിരിയാണിയും പൊള്ളുന്നു


സ്വന്തം ലേഖകൻ
Published on Nov 21, 2026, 04:48 AM | 1 min read
വെള്ളറട
‘ഇരുപതോളം ചേരുവ വേണം. എല്ലാത്തിന്റെയും വില കൂടുന്നു. ആനുപാതികമായി വില കൂട്ടാനാകില്ലല്ലോ. കൂടുതൽ ഉണ്ടാക്കിയാൽ നഷ്ടവും കൂടുകയാണ്’– സാധാരണക്കാരുടെ പ്രിയവിഭവമായ ബിരിയാണി തയ്യാറാക്കുന്നതിലെ പ്രതിസന്ധി വിവരിക്കുകയാണ് വെള്ളറടയിലെ ഹോട്ടൽ നടത്തിപ്പുകാരൻ സെയ്താലി. അസംസ്കൃതവസ്തുക്കളുടെ വില കുതിച്ചുയരുന്നതോടെ ചെറുകിട ഭക്ഷണശാലകളും ഹോട്ടലുകളും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. തെക്കൻ കേരളത്തിൽ ബസ്മതി അരിയാണ് ബിരിയാണിക്ക് കൂടുതലായി ഉപയോഗിക്കുന്നത്. കൈമ അരി ഉപയോഗിക്കുന്നവരുമുണ്ട്. പശ്ചിമ ബംഗാളിലെ ബർദ്വാനിൽനിന്നാണ് പ്രധാനമായും കൈമ അരി എത്തുന്നത്. അവിടെ മാസങ്ങൾക്കുമുന്പുണ്ടായ വെള്ളപ്പൊക്കവും പ്രതികൂല കാലാവസ്ഥയും കൈമ അരി ഉൽപ്പാദനത്തെ സാരമായി ബാധിച്ചു. കിലോയ്ക്ക് 95–100 രൂപയായിരുന്ന അരിവില 190–200 രൂപയായി. ചില ദിവസങ്ങളിൽ 205 രൂപവരെയായി. ഗരംമസാല ചേരുവകളായ ഏലയ്ക്ക, കറുവപ്പട്ട തുടങ്ങിയവയുടെ വിലയും ഉയർന്നു. ചിക്കനടക്കമുള്ള ചേരുവകളിലെ വിലവ്യത്യാസങ്ങളും ഉൽപ്പാദനച്ചെലവിനെ ബാധിക്കുന്നു. ഒരുവർഷം മുന്പുവരെ ഒരുകിലോ ബിരിയാണി തയ്യാറാക്കാൻ 470–480 രൂപയായിരുന്നു ചെലവെങ്കിൽ, ഇപ്പോൾ 680–690 ആയി. 170–180 രൂപയായിരുന്ന ഒരു ബിരിയാണിയുടെ വില ഇപ്പോൾ ശരാശരി 220 ആണ്. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റത്തിനനുസരിച്ച് വിൽപ്പനവില വീണ്ടും ഉയർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാൽ ഉൽപ്പാദനം കുറച്ചുംമറ്റും നഷ്ടം കുറയ്ക്കാൻ ശ്രമിക്കുകയാണ് കടക്കാർ.








0 comments