കടലുണ്ടി അഴിമുഖം വിഴുങ്ങി മണൽതിട്ട

മനാഫ് താഴത്ത്
Published on Aug 12, 2026, 01:40 AM | 1 min read
ഫറോക്ക്
കടലുണ്ടിക്കടവ് അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ട കടലുണ്ടി കമ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള പുഴയുടെ ആവാസവ്യവസ്ഥ തകിടംമറിക്കുന്നു. അഴിമുഖത്തിന്റെ പകുതിയിലേറെ മണൽ തിട്ടയാണ്. മണൽ നീക്കാൻ വൈകിയാൽ കനത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകും. കടലുണ്ടി പുഴയുടെ തീരങ്ങളെയും സമീപപ്രദേശങ്ങളെയും വെള്ളപ്പൊക്കത്തിലാഴ്ത്താനും ഇടയാക്കും. അഴിമുഖത്തെ മണൽത്തിട്ടയില്ലാത്ത ഭാഗത്തുകൂടിയാണ് പുഴ കടലിൽചേരുന്നത്. പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നിവ മേലാറ്റൂരിൽ ഒന്നിച്ചാണ് കടലുണ്ടിപ്പുഴ മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകിയെത്തി കടലിൽ ചേരുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി പുഴയിലും അഴിമുഖത്തും പാലത്തിനടിയിലുമായി അടിഞ്ഞുകൂടിയ മണൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുകയാണ്. അഴിമുഖത്തെ മറച്ച് ഭയാനകമായ രീതിയിൽ മണൽത്തിട്ട രൂപപ്പെട്ടതിനാൽ കടലിൽനിന്ന് പുഴയിലേക്ക് വെള്ളം കയറുന്നതും ഗണ്യമായി കുറഞ്ഞു. ഇതോടെ പുഴയിലെയും കമ്യൂണിറ്റി റിസർവിലെയും ആവാസവ്യവസ്ഥയും താളംതെറ്റുകയാണ്. മത്സ്യലഭ്യത കുറഞ്ഞതിനാൽ പുഴയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കനത്ത തിരിച്ചടിയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനും ജൈവ വൈവിധ്യ ബോർഡിനും വിശദ പഠന റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൈനിങ് ആൻഡ് ജിയോളജി വിഭാഗം ഉൾപ്പെടെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നദിയിലെയും അഴിമുഖത്തെയും മണൽ നീക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.










0 comments