കാർ കടയിലേക്ക് ഇടിച്ചുകയറി: 3 പേർക്ക് പരിക്ക്

കുന്നമംഗലം
മാവൂർ പാറമ്മലിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. പാറമ്മൽ സ്വദേശികളായ അഹമ്മദ്, കട ഉടമ പി ടി മുഹമ്മദ്, കാർ യാത്രക്കാരി കുനിയിൽ സ്വദേശി ഫാത്തിമ ഷബിൻ എന്നിവർക്കാണ് പരിക്ക്. തിങ്കൾ രാത്രി 11.15നാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അഹമ്മദിനെ ഇടിച്ച് തെറിപ്പിച്ചശേഷം നിയന്ത്രണംവിട്ട് റോഡരികിലെ സ്റ്റേഷനറി കടകളിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാരും മാവൂർ ഫയർ ഫോഴ്സ് യൂണിറ്റും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദിന് സാരമായി പരിക്കുണ്ട്. ‘ബിസ്മി’ സ്റ്റേഷനറിക്കടയും സിഎം ചിക്കൻ സ്റ്റാളും പൂർണമായും തകർന്നു. മാവൂർ–കോഴിക്കോട് റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. മാവൂർ പൊലീസ് ക്രെയിൻ എത്തിച്ച് വാഹനംനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.










0 comments