പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മുള്ളൻകൊല്ലിയിലെ ഹെലിപ്പാഡും ഷെൽട്ടർ ഹോമും നഷ്‌ടമായി

മുള്ളൻകൊല്ലി ദുരിതാശ്വാസ പ്രവർത്തനത്തിനായി മുള്ളൻകൊല്ലിയിൽ അനുവദിച്ച ഹെലിപ്പാഡും ഷെൽട്ടർ ഹോമും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ നഷ്‌ടമായി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ജില്ലയിൽ അഞ്ച് ഹെലിപ്പാഡും എട്ട് ഷെൽട്ടർ ഹോമുകളും നിർമിക്കുന്നതിനായി തുക അനുവദിച്ചിരുന്നു. ബത്തേരി, തവിഞ്ഞാൽ മുനീശ്വരൻകുന്ന്, അമ്പലവയൽ, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി കൊളവള്ളി എന്നിവിടങ്ങളിലായിരുന്നു ഹെലിപ്പാഡ്. മേപ്പാടി, മൂപ്പൈനാട്, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട്, തവിഞ്ഞാൽ, മുള്ളൻകൊല്ലി പെരിക്കല്ലൂർ എന്നിവിടങ്ങളിലാണ് ഷെൽട്ടർ ഹോം അനുവദിച്ചത്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ഇതിൽ കൊളവള്ളിയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ഹെലിപ്പാഡും പെരിക്കല്ലൂരിൽ കെഎസ്‌ആർടിസി ഓപ്പറേറ്റിങ് സെന്ററിന് സമീപം ഷെൽട്ടർ ഹോമും നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, പഞ്ചായത്ത് കാര്യക്ഷമമായി ഇടപെടാത്തതിനാൽ പദ്ധതി ബത്തേരിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന ഹെലിപ്പാഡാണ് നഷ്‌ടമായത്. കൊളവള്ളിയിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. ജിയോ ടാഗിങ്ങും മണ്ണുപരിശോധനയും പൂർത്തിയാക്കിയ പദ്ധതിയാണ് നിലച്ചത്. താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിന് പകരമായി 3.5 കോടി രൂപ ചെലവഴിച്ച് 7541.41 ചതുരശ്ര അടിയിലാണ് ഷെൽട്ടർ ഹോം നിർമിക്കാനിരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിൽ ചില എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ, പകരം മറ്റൊരു സ്ഥലം ഏറ്റെടുത്തുനൽകാൻ ഭരണസമിതിക്കായില്ല. മഴക്കാലത്ത് കബനി പുഴ കരകവിഞ്ഞൊഴുകുമ്പോൾ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്കാണ് മാറ്റിത്താമസിപ്പിക്കാറ്. ഇത് ദിവസങ്ങളോളം വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതിനിടയാക്കുമായിരുന്നു. പെരിക്കല്ലൂരിൽ ഷെൽട്ടർ ഹോം വന്നിരുന്നുവെങ്കിൽ ഇൗ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നു. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാത്ത സമയത്ത് ഷെൽട്ടറുകൾ റസ്റ്റ് ഹൗസുകളാക്കുന്ന നിലയിലായിരുന്നു പദ്ധതി. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാനം ലഭിക്കുമായിരുന്നു.










0 comments