മഹ്‌കോട്ട ദേവയുടെ മാഹാത്‌മ്യം കോന്നിയിലും

മഹ്കോട്ട ദേവ ഔഷധസസ്യം
ഷാഹിർ പ്രണവം
Published on Sep 28, 2026, 12:15 AM | 1 min read
കോന്നി
"ദൈവത്തിന്റെ കിരീടം' എല്ലാ മാസവും വരുമാനം നൽകുകയാണ് ഇൗ കുടുംബത്തിന്. മഹ്‌കോട്ട ദേവയുടെ ഒരു തൈയിൽ നിന്നും 350 മരങ്ങളിലേക്കുള്ള മാറ്റം പ്രചോദനം നൽകുന്നതാണ്. ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന മഹ്കോട്ട ദേവയെന്ന ഔഷധ സസ്യം കോന്നിയുടെ മലയോരമേഖലയിലും വേരുറപ്പിച്ചുകഴിഞ്ഞു. ഔഷധസസ്യമാണെന്ന് അറിയാതെ ഒരു കൗതുകത്തിനാണ് ഞള്ളൂർ പുത്തൻവീട്ടിൽ സനജും മാതാവ് പ്രസീനയും തൈനട്ടുവളർത്തിയത്. പിന്നീടാണ് ഈ ഔഷധസസ്യത്തിന്റെയും ഫലത്തിന്റെയും പ്രാധാന്യം വിദേശ രാജ്യങ്ങളിലെ സുഹൃത്തുക്കളിൽ നിന്ന് മനസിലാക്കുന്നത്. പ്രമേഹത്തിനും രക്തസമ്മർദത്തിനും അർബുദത്തിനുമടക്കം ഉത്തമ ഔഷധമായി പല രാജ്യങ്ങളിലും ഉപയോഗിക്കപ്പെടുന്ന മഹ്‌കോട്ട ദേവ ഇന്തോനേഷ്യൻ സസ്യമാണ്.
ഇല, തണ്ട്, പഴം എന്നിവ ഒരുപോലെ ഉപയോഗിക്കുന്നു. കുരു നീക്കി ഉണങ്ങിയ പഴം ചീളുകളാക്കി അരിഞ്ഞ് ഉണക്കിയാണ് വിപണിയിലെത്തുന്നത്. അമേരിക്കയിലുള്ള സുഹൃത്ത് പറഞ്ഞതുപ്രകാരം 2018ൽ പാലായിലെ ഒരു വീട്ടിൽ നിന്ന് ആയിരം രൂപ നൽകി ഒരു തൈ വാങ്ങിയാണ് നട്ടുവളർത്തിയത്. ഒപ്പം അഞ്ച് ചെറിയ തൈകളും വാങ്ങിയിരുന്നു. ഇപ്പോൾ അത് 350 മഹ്കോട്ടദേവ മരങ്ങളായി വളർന്നു. നിരവധി ആളുകളാണ് ഈ പഴത്തിന് വേണ്ടി ഇവിടെ എത്തുന്നുന്നത്. രണ്ട് വർഷം മുമ്പ് തുടങ്ങിയ കൃഷി ഇപ്പോൾ ഇൗ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം കൂടിയാണ്. ആറ് മാസത്തിൽ ഒരിക്കൽ പൂവിടുകയും ഏതാനും ദിവസം കഴിയുമ്പോൾ കായകൾ ഉണ്ടായി പഴുക്കുകയും ചെയ്യും.
ഉയർന്ന രക്തസമ്മർദം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ലിവർ സിറോസിസിന്റെ കടുപ്പം കുറയ്ക്കാനും യൂറിക് ആസിഡിന്റെ നില ആരോഗ്യപരമായി നിലനിർത്താനും വാതം, വൃക്കസംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ എന്നിവ തടയാനും ഇതിന്റെ ഫലം ഉപയോഗിക്കുന്നുണ്ട്.
അരിഞ്ഞുണക്കിയ മഹ്കോട്ട ദേവ 500 മില്ലിലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് പകുതിയാക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ ഇത് ഗുണകരമാണ്. പഴങ്ങൾ ചീകി ഉണക്കി പാക്കറ്റുകളിലാക്കിയാണ് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്.










0 comments