print edition ഭരണം നിശ്‌ചലം


റഷീദ് ആനപ്പുറം
Published on Sep 28, 2026, 12:43 AM | 1 min read
തിരുവനന്തപുരം:
ഭരണത്തിലേറി നാലുമാസത്തിനകം കേരളത്തെ സന്പൂർണമായും ഇരുണ്ടകാലത്തിലാക്കി യുഡിഎഫ് സർക്കാർ. വിമർശങ്ങളിൽനിന്ന് ഒളിച്ചോടിയും മാധ്യമങ്ങളെ വേട്ടയാടിയും സ്‌പോൺസേഡ് യാത്ര നടത്തിയും മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ മറന്ന മട്ടാണ്.
10വർഷംകൊണ്ട് കേരളം വികസന, ക്ഷേമ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ നാലുമാസംകൊണ്ട് യുഡിഎഫ് സർക്കാർ തകർത്തു. പവർ കട്ടും ലോഡ്‌ഷെഡിങ്ങും തിരിച്ചുവന്നു. സർക്കാർ ആശുപത്രികളിൽ പേരിനുപോലും മരുന്നില്ല. ഫ്രീസർ പ്രവർത്തിക്കാതെ മോർച്ചറികളിൽ മൃതദേഹങ്ങൾ അഴുകുന്നു. ഫണ്ടില്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനവും സ്‌തംഭിച്ചു.
കെഎസ്‌ആർടിസി കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. വിലക്കയറ്റം അതിരൂക്ഷം. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻപോലും ഫിഷറീസ് വകുപ്പിന് കഴിഞ്ഞില്ല. കുട്ടനാട്ടിലുൾപ്പെടെ പ്രദേശങ്ങളിൽ കാലവർഷ കെടുതി അനുഭവിച്ചവർക്ക് വാഗ്‌ദാനംചെയ്‌ത അടിയന്തരസഹായം ഇതുവരെ നൽകിയിട്ടില്ല. ശന്പള പരിഷ്‌കരണ കമീഷനെ നോക്കുകുത്തിയാക്കി. പൊതുമരാമത്ത് പ്രവൃത്തികൾ നിലച്ചു.
കടമെടുപ്പ് കൂട്ടി. ക്രമസമാധന പാലനം താറുമാറായി. സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരണമില്ലാത്ത സ്ഥിതി. മുഖ്യമന്ത്രി കേന്ദ്ര ബിജെപി സർക്കാരുമായുള്ള ഡീലുകൾ നടപ്പാക്കുന്നു.
കൊച്ചിയിൽ ഹെലികോപ്‌റ്ററിൽ പോയി കണ്ട നിക്ഷേപകനാരെന്നും മലപ്പുറം യാത്രയ്‌ക്കുപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്‌പോൺസറാരെന്നും വെളിപ്പെടുത്താതെ മുഖ്യമന്ത്രി മാധ്യമങ്ങളെ പടിക്കുപുറത്താക്കുന്പോൾ, മന്ത്രിമാർ ഉല്ലാസത്തിനായി വിദേശത്തേക്ക് പറക്കുന്നു. മന്ത്രി കെ എം ഷാജി റേഞ്ച് റോവറിൽ സർക്കാർ നന്പർവച്ച് ഉൗരുചുറ്റുന്നു.










0 comments