print edition പാട്ടിലലിഞ്ഞ ദേവരാഗം...


സ്വന്തം ലേഖകൻ
Published on Sep 28, 2026, 01:06 AM | 1 min read
കൊല്ലം:
19-52 കാലഘട്ടം. കൊല്ലം എസ് എൻ കോളജ് യൂണിയൻ എ കെ ജി ഉദ്‌ഘാടനംചെയ്യുന്ന പരിപാടി. വേദിക്കരികിലെത്തി ഒരു ചെറുപ്പക്കാരൻ പറഞ്ഞു, ഞാനൊരു പാട്ടുപാടാമെന്ന്. ‘പൊന്നരിവാൾ അമ്പിളിയില്' എന്ന ഒ എൻ വി കുറുപ്പിന്റെ അതിമനോഹരമായ വരികൾ ആ ചെറുപ്പക്കാരൻ പാടിത്തീർന്നതും വേദിയിലും സദസ്സിലും ഉയർന്നത് നിറഞ്ഞകൈയടി. ആ ചെറുപ്പക്കാരൻ മറ്റാരുമായിരുന്നില്ല. പിൽക്കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര സംഗീത സംവിധായകനായി മാറിയ പരവൂർ ജി ദേവരാജൻ ആയിരുന്നു. കോളേജ് യൂണിയൻ ചെയർമാൻ ഒ എൻ വി ആയിരുന്നു.
‘ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി’.., ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’.. തുടങ്ങി മൂവായിരത്തോളം പാട്ടുകൾക്ക് ഈണം നൽകിയ ജി ദേവരാജന്റെ 99–-ാം ജന്മവാർഷികം ശതാബ്ദി ആഘോഷമാക്കി ജന്മനാടായ പരവൂർ. ഫൈൻ ആർട്സ് സൊസൈറ്റി നേതൃത്വത്തിൽ ഒരുവർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഞായറാഴ്‌ച തുടക്കമായി.
തുടക്കം പൊന്നരിവാൾ
അമ്പിളിയില്‍...
പരവൂർ കോട്ടപ്പുറത്ത് പന്നക്കാട്ട് വീട്ടിൽ മൃദംഗ വിദ്വാൻ കൊച്ചുഗോവിന്ദൻ ആശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനായി 1927 സെപ്തംബർ 27നാണ് പരവൂർ ഗോവിന്ദൻ ദേവരാജൻ എന്ന ജി ദേവരാജൻ പിറന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1946–-48 കാലഘട്ടത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് ഒന്നാംക്ലാസിൽ പാസായി. തുടർന്ന് എൻജിനിയറിങ്ങിന് പ്രവേശനം ലഭിച്ചെങ്കിലും അതുപേക്ഷിച്ച് എംജി കോളേജിൽ സാന്പത്തികശാസ്‌ത്രം പഠിച്ചു. അച്ഛൻ തന്നെയാണ് സംഗീതത്തിൽ ആദ്യഗുരുവും. പതിനേഴാം വയസ്സിൽ കച്ചേരികൾ നടത്താൻ തുടങ്ങി. കെപിഎസി നാടക ഗാനങ്ങളിലൂടെ ദേവരാജൻ–-ഒ എൻ വി കൂട്ടുകെട്ട് നാടക സംഗീത മേഖലയിൽ അടയാളപ്പെട്ടു.
ഒപ്പം മലയാള ചലച്ചിത്ര ഗാനശാഖയിൽ ദേവരാജയുഗത്തിനും തുടക്കമായി. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. 20 തമിഴ് ചലച്ചിത്രങ്ങൾക്കും നാല് കന്നഡ ചലച്ചിത്രങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവരാജനെ അഞ്ചുതവണ തേടിയെത്തി. ഷഡ്കാല പല്ലവിയടക്കമുള്ള പുസ്തകങ്ങളുടെ രചന പൂർത്തിയാക്കാതെ 2006 മാർച്ച് 14ന് വിടപറഞ്ഞു.










0 comments