ജനാധിപത്യം സംരക്ഷിക്കാൻ വിശാലവേദി ഉയരണം

ജനാധിപത്യസമ്പ്രദായം പിറവിയെടുത്തത് ഇന്ത്യയിലാണെന്ന്, ചരിത്രവസ്‌തുതകൾ മാനിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. 2021ൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലും 2023ലെ ജി20 ഉച്ചകോടിയിലും 2024ൽ നടന്ന ലോകനേതാക്കളുടെ ജനാധിപത്യ ഉച്ചകോടിയിലും മോദി ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് വിശേഷിപ്പിച്ചു. ജനാധിപത്യസംവിധാനത്തിന്റെ തുടക്കം ബിസി അഞ്ചാം നൂറ്റാണ്ടിൽ ഏതൻസിലായിരുന്നെന്ന് ചരിത്രം അംഗീകരിക്കുന്നുണ്ടെങ്കിലും മോദി സംസാരിച്ചത് സംഘപരിവാർ ആഖ്യാനങ്ങൾക്ക് അനുസൃതമായാണ്. ഇത്തരത്തിൽ ജനാധിപത്യത്തെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രിയുടെ ഭരണത്തിൽ തെരഞ്ഞെടുപ്പ് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്ന് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.
നീതിപൂർവവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പിന് അടിസ്ഥാനം സംശുദ്ധമായ വോട്ടർ പട്ടികയാണ്.
പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)എന്ന പേരിൽ നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിയ വോട്ടർ പട്ടിക പരിഷ്‌കരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ അടിച്ചേൽപ്പിച്ച തീരുമാനങ്ങൾക്കെതിരെ സഹകമീഷണർമാരായ വിവേക് ജോഷിയും സുഖ്‌ബീർ സിങ് സന്ധുവും നടത്തിയ പ്രതികരണങ്ങൾ പുറത്തുവന്ന് ദിവസങ്ങൾ കഴിയുന്തോറും ജനങ്ങളിൽ ആശങ്ക വർധിക്കുകയാണ്. എസ്‌ഐആർ വഴി 13 കോടിയിലേറെ പേർ വോട്ടർപ്പട്ടികയിൽനിന്ന് പുറത്തായെന്നത് മാത്രമല്ല, വോട്ടർപ്പട്ടിക ഡാറ്റാശേഖരം കൈകാര്യം ചെയ്യാൻ അങ്ങേയറ്റം കേന്ദ്രീകൃതമാക്കിയ സംവിധാനം സൃഷ്ടിച്ചെന്നത് ഗുരുതര സ്ഥിതിവിശേഷമാണ്. എസ്‌ഐആർ വഴി തയ്യാറാക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയും നിയമസാധുതയും ചോദ്യംചെയ്യപ്പെടുകയാണ്. പല മണ്ഡലങ്ങളിലും പതിനായിരക്കണക്കിന് വോട്ടുകൾ നീക്കുകയും വൻതോതിൽ പുതിയ വോട്ടർമാരെ ചേർക്കുകയും ചെയ്‌തത് നേരത്തേ സംശയം സൃഷ്‌ടിച്ചിരുന്നു.
അടിസ്ഥാനതലത്തിൽ ഭവനസന്ദർശനം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ബൂത്തുതല ഓഫീസർ (ബിഎൽഒ)മാരെയും നിയമപ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കാനും അധികാരമുള്ള ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇആർഒ)മാരെയും മറികടന്നാണ് എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതെന്ന വെളിപ്പെടുത്തലിന് വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായിട്ടില്ല. ഗ്യാനേഷ്‌കുമാറിനോട് മാത്രം റിപ്പോർട്ട്‌ചെയ്യുന്ന ഐടി മേധാവിയെ തന്നിഷ്‌ടപ്രകാരം നിയമിച്ചുവെന്ന വെളിപ്പെടുത്തലും ആരും നിഷേധിച്ചിട്ടില്ല.
നിയമവ്യവസ്ഥകളിൽ ഇല്ലാത്ത അധികാരം പ്രയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ എസ്‌ഐആർ നടപ്പാക്കാൻ തീരുമാനിച്ചതും മുന്നോട്ടുപോയതും. ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയ പാർടികളെല്ലാം എതിർപ്പ് രേഖപ്പെടുത്തിയിട്ടും നിയമപരമായ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് തീരുമാനമെടുത്ത കമീഷൻ ആരുടെ ചട്ടുകമായിരുന്നെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ല. കമീഷനെ ന്യായീകരിക്കാൻ ബിജെപി നേതാക്കൾ മാത്രമാണ് മുന്നോട്ടുവരുന്നത്.
കമീഷനിൽ രണ്ടംഗങ്ങൾ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചത് സജീവമായ ജനാധിപത്യത്തിന്റെ ലക്ഷണമായി കണ്ടാൽ മതിയെന്നാണ് ബിജെപിയുടെ ന്യായം. മൂന്നംഗ കമീഷനിൽ അഭിപ്രായ ഭിന്നത ഉണ്ടായാൽ തീരുമാനം എടുക്കേണ്ടത് ഭൂരിപക്ഷനിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന് നിയമം അനുശാസിക്കുന്നു. ഇവിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഇല്ലാത്ത അധികാരം പ്രയോഗിച്ച് തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുകയാണ് ചെയ്‌തതെന്ന് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. കമീഷന്റേതായി ഒടുവിൽ പുറത്തുവന്ന പത്രക്കുറിപ്പിൽ ഗൗരവതരമായ ആരോപണങ്ങൾക്കൊന്നും മറുപടിയില്ല. ആളുകളിൽനിന്ന് അധികവിവരങ്ങൾ ആവശ്യപ്പെടുന്നതിനായി ഫോം 6 തയ്യാറാക്കിയ രീതിയിൽ വരുത്തിയ മാറ്റത്തിനും വിശദീകരണമില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത അഗാധഗർത്തത്തിൽ പതിച്ചിരിക്കുകയാണ്.
ഇതിന് പ്രഥമദൃഷ്‌ട്യാ ഉത്തരവാദിയായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ്‌കുമാറിന്റെ സർവീസ്‌കാലം കളങ്കങ്ങൾ നിറഞ്ഞതും ദുരൂഹതകൾ ചൂഴ്‌ന്നുനിൽക്കുന്നതുമാണ്.
ജമ്മു കശ്‌മീരിനെ തരംതാഴ്‌ത്തി രണ്ട് കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ച 2019ലെ നിയമം ഉൾപ്പെടെ തയ്യാറാക്കിയതിൽ മുഖ്യപങ്ക് വഹിച്ച ഗ്യാനേഷ്‌കുമാർ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്‌തനായാണ് അറിയപ്പെട്ടിരുന്നത്. ഗ്യാനേഷ്‌കുമാറിന്റെ വഴിവിട്ട നീക്കങ്ങളുടെ പ്രഭവകേന്ദ്രം അറിയാൻ അധികം അന്വേഷണം ആവശ്യമില്ല. അതേസമയം എസ്‌ഐആർ നടപടിക്രമങ്ങളിലെ നിയമവിരുദ്ധ തീരുമാനങ്ങളും ജനാധിപത്യ അട്ടിമറികളും സംബന്ധിച്ച് സമഗ്ര അന്വേഷണം അനിവാര്യമാണ്.
ഇൗ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാ ഭിന്നതയും മാറ്റിവച്ച് പ്രതിപക്ഷഐക്യം ഉയർന്നുവരണം. സിപിഐ എം ഇൗ ദിശയിൽ തുടങ്ങിവച്ച നീക്കങ്ങൾ പ്രതീക്ഷാജനകമാണ്. മിക്ക പ്രതിപക്ഷ പാർടികളും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യാ കൂട്ടായ്‌മ വിശാല അടിസ്ഥാനത്തിൽ കൂടിച്ചേർന്ന് ഇൗ വിഷയത്തിൽ മുന്നോട്ടുപോകേണ്ടതുണ്ട്. 30ന് ചേരുന്ന ഇന്ത്യാ കൂട്ടായ്‌മ യോഗം രാജ്യത്തെ ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.










0 comments