ലോട്ടറി തൊഴിലാളികളുടെ ജില്ലാ കൺവൻഷൻ
തൊഴിലാളികൾ പ്രക്ഷോഭത്തിന്: എം വി ജയരാജൻ
ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ ജില്ലാ കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
ലോട്ടറി തൊഴിലാളികളുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ചടക്കമുള്ള പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ പത്തനംതിട്ട വൈഎംസിഎ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ ലോട്ടറിക്ക് നാൽപ്പത് ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തി. ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സംസ്ഥാന ഫെഡറേഷൻ തീരുമാനം.
ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന കമീഷൻ കൊണ്ട് ജീവിക്കുന്ന ചെറുകിട കച്ചവടക്കാർ കേന്ദ്രസർക്കാരിന്റെ നടപടികൾമൂലം ദുരിതത്തിലാവുന്നു. ഭിന്നശേഷിക്കാർ, മറ്റ് ജോലികൾ ചെയ്യാനാവാത്ത വയോധികർ തുടങ്ങിയവരാണ് ചെറുകിട കച്ചവടക്കാരിൽ കൂടുതലും. ഇവരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റേത്.
ലോട്ടറിയിൽനിന്നുള്ള വരുമാനം ആരോഗ്യമേഖലയിലേക്കും ലോട്ടറി തൊഴിലാളികൾക്കായുള്ള ക്ഷേമനിധിയിലേക്കുമാണ് എൽഡിഎഫ് സർക്കാർ വിനിയോഗിച്ചത്. എന്നാൽ, ബിജെപി സർക്കാർ തൊഴിലാളികളുടെ കൈയിൽ ഒന്നുമില്ലാതാവുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.
ലോട്ടറി ടിക്കറ്റിന് ഏർപ്പെടുത്തിയ 40 ശതമാനം ജിഎസ്‌ടി പിൻവലിക്കണമെന്നും ഓണം ബോണസ് 10,000 രൂപയാക്കി വർധിപ്പിക്കണമെന്നും ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം ശ്രീനിവാസൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി സഞ്‌ജു, സുദർശനൻ, വി കെ ഖാദർ, ജോൺസൺ, സജിത്ത് പി ആനന്ദ്, അലി, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.











0 comments