വനശുദ്ധിയുമായി കുടുംബശ്രീ
ഗുണവും രുചിയും ശുദ്ധം

സ്വന്തം ലേഖിക
Published on Dec 04, 2025, 12:05 AM | 1 min read
പത്തനംതിട്ട
സംരംഭകത്വത്തിന്റെ സാധ്യതകൾക്കുമുന്നിൽ അവർ "യെസ്'പറഞ്ഞപ്പോൾ രൂപം കൊണ്ടത് ഗുണത്തിലും രുചിയിലും ശുദ്ധതയോടെ "വനശുദ്ധി'യെന്ന സ്വപ്ന പദ്ധതി. സംരംഭക രംഗത്തെ ആദിവാസി മുന്നേറ്റത്തിന് പുതുമാതൃക സൃഷ്ടിച്ചാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വനശുദ്ധി പദ്ധതി ആരംഭിക്കുന്നത്.
2024 മലമ്പണ്ടാരം മൈക്രോ പ്ലാനിന്റെ ഭാഗമായി റാന്നി പെരുനാട് സിഡിഎസിൽ നടപ്പാക്കുന്ന പദ്ധതി മലന്പണ്ടാരം വിഭാഗം ശേഖരിക്കുന്ന തേൻ, കുന്തിരിക്കം, ഇഞ്ചി, ദന്തപാല എണ്ണ, പൊൻകരണ്ടി തുടങ്ങിയ പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ശേഖരണവും വിപണനവുമാണ് ലക്ഷ്യം വയ്ക്കുന്നത്.
തദ്ദേശീയ ജനത വനത്തിൽനിന്ന് ശേഖരിക്കുന്ന വിഭവങ്ങൾ ഹോർട്ടികോർപ്പിന്റെ സഹായത്തോടെ ശാസ്ത്രീയമായി സംസ്കരിച്ച്, ബ്രാൻഡ് ചെയ്താണ് വിപണിയിൽ എത്തിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കിയോസ്‌ക് വെള്ളിയാഴ്ച പെരുനാട് ഇടത്താവളത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ റാന്നി, പെരുനാട്, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലാണ് മലമ്പണ്ടാരങ്ങളിൽ ഭൂരിഭാഗവും സ്ഥിരതാമസം. ഇപ്പോഴും ഉപജീവനത്തിനായി ഇവർ വനവിഭവങ്ങളെയാണ് ആശ്രയിക്കുന്നത്. ആ ജനവിഭാഗത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ വനശുദ്ധി പദ്ധതിക്ക് തുടക്കമിട്ടത്.
ഇടനിലക്കാരില്ല, വിപണനം കിയോസ്‌കിലൂടെ
ഉൾവനത്തിൽ നിന്ന് ശേഖരിക്കുന്ന വന വിഭവങ്ങൾ കുടുംബശ്രീ കൺസോർഷ്യം അംഗങ്ങളുടെയും എസ്ടി ആനിമേറ്റർമാരുടെയും നേതൃത്വത്തിൽ ശേഖരിച്ച് ശാസ്ത്രീയ സംസ്കാരം, ബ്രാൻഡിങ് എന്നിവയ്ക്കായി ഹോർട്ടികോർപ്പിന് കൈമാറും. ശേഷം കിയോസ്ക് വഴി വിപണനം നടത്തും. വിപണിയിൽ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കാനും പദ്ധതി സഹായമാകും.
തേൻ ശേഖരണത്തിൽ പരമ്പരാഗത രീതികൾ പാലിക്കുന്നതിനാൽ അതിന്റെ സ്വാഭാവിക രുചി, ഗന്ധം, ഔഷധഗുണങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുന്നു. മണ്ഡലകാലമായതിനാൽ കിയോസ്‌ക് സജീവമാകുമെന്നും മികച്ച ലാഭം കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്.










0 comments