സൗജന്യയാത്ര
ഉദ്‌ഘാടന ചടങ്ങിൽ അന്പരപ്പോടെ നാട്ടുകാർ

പത്തനംതിട്ട
കെഎസ്‌ആർടിസി ഓർഡിനറി ബസിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നതിന്റെ ഉദ്‌ഘാടന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരുടെ തള്ളിച്ച കണ്ട് തലയിൽ കൈവച്ച് ജനം. കെഎസ്‌ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നടന്ന ജില്ലാതല ഒൗദ്യോഗിക ഉദ്‌ഘാടന ചടങ്ങാണ് കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയത്. വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ തള്ളിക്കയറ്റം കണ്ട് യാത്രക്കാരും നാട്ടുകാരും അന്പരന്നു.
അബിൻ വർക്കി എംഎൽഎയാണ് ഉദ്‌ഘാടനത്തിന് എത്തിയത്. വേദിയിലേക്ക് കടന്നുവരുന്പോൾ എംഎൽഎയ്‌ക്ക് പ്രവർത്തകരുടെ തള്ളുമൂലം ഇരിപ്പിടം കിട്ടിയില്ല. പത്ത് കസേരയാണ് വേദിയിൽ വിശിഷ്‌ട വ്യക്തികൾക്കായി ഒരുക്കിയിരുന്നത്. എന്നാൽ, നേതാക്കളും പ്രവർത്തകരുമടക്കം ഉദ്‌ഘാടന സമയം 50 പേർ വേദിയിൽ ഉണ്ടായിരുന്നു. ജനപ്രതിനിധികൾ എത്തിയെങ്കിലും അവർക്കാർക്കും ഇരിക്കാൻ ഇടം കിട്ടിയില്ല. വേദിയിലെ തിക്കുംതിരക്കും കണ്ട് യാത്രക്കാർ ഭയന്നു. മുദ്രാവാക്യം വിളികളും പ്രവർത്തകർ ബഹളം വച്ചതുമൊക്കെ യാത്രക്കാർക്ക് അലോസരമായി. സംഘാടകരായ കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം മുഖ്യപ്രഭാഷണത്തിനായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിലിനെ ക്ഷണിച്ചു. പൊതുപരിപാടിയിൽ ഇദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തിയത് പ്രതിഷേധത്തിനിടയാക്കി. കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികളും ചടങ്ങിൽ പ്രസംഗിച്ചു. ചില ഭാരവാഹികൾക്ക് മൈക്ക് നൽകാത്തിനെ തുടർന്ന് നേതാക്കളെ അസഭ്യം വിളിക്കുന്നതും കാണാമായിരുന്നു. മറ്റ് രാഷ്ട്രീയ പാർടി പ്രതിനിധികളെ ആരെയും ചടങ്ങിൽ ക്ഷണിച്ചിരുന്നുമില്ല. സർവീസ് പുറപ്പെട്ട ബസ് റോഡിൽ തടഞ്ഞുനിർത്തി യൂത്ത് കോൺഗ്രസുകാർ നടത്തിയ ‘ഷോ’യും പരിഹാസ്യമായി. ബസിന് മുന്നിൽനിന്ന് യോഗം നടത്തി പിരിഞ്ഞ ശേഷമാണ് യാത്ര തുടരാനായത്.










0 comments