പ്രിയദർശിനി "പണി'യായി
സർവീസ് വെട്ടിച്ചുരുക്കി കെഎസ്‌ആർടിസി

സ്വന്തം ലേഖിക
Published on Jul 29, 2026, 12:05 AM | 1 min read
പത്തനംതിട്ട
പ്രിയദർശിനി സ‍്‌ത്രീ സൗജന്യയാത്ര പദ്ധതി സൃഷ്‌ടിച്ച കനത്ത നഷ്‌ടം മറികടക്കാൻ ടയർ ക്ഷാമം മറയാക്കി കെഎസ്‌ആർടിസി. ജില്ലയിൽ വെട്ടിച്ചുരുക്കിയത് 50 സർവീസുകൾ. ദീർഘദൂര, പ്രാദേശിക സർവീസുകളാണ് മുൻകൂർ അറിപ്പില്ലാതെ ഇത്തരത്തിൽ റദ്ദാക്കിയത്.
മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ പദ്ധതി ഒരു മാസം പിന്നിട്ടപ്പോൾതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോർപ്പറേഷനുണ്ടാക്കിയത്. ഡീസൽ ക്ഷാമവും ഉടലെടുത്തു. ഇത് ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, അന്തർസംസ്ഥാന സർവീസുകളെയും ബാധിച്ചു.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് തിരുവല്ല ഡിപ്പോയിലേക്കുള്ള കെഎസ്‌ആർടിസി സർവീസ് ഡീസലിനായി പല സ്റ്റാൻഡുകൾ കയറിയിറങ്ങിയിരുന്നു. കോഴിക്കോടുമുതൽ കുറഞ്ഞ അളവ് ഡീസലുമായായിരുന്നു ഇൗ അന്തർസംസ്ഥാന ബസിന്റെ യാത്ര. ഒടുവിൽ തൃശൂർ കഴിഞ്ഞ ശേഷമാണ് 30 ലിറ്റർ ഡീസൽ ലഭ്യമായത്.
ഡിപ്പോകളിൽ ടയർ ക്ഷാമം വ്യാപകമാണെന്നാണ് കെഎസ്‌ആർടിസി അധികൃതരുടെ വാദം. അതിനാലാണ് പ്രിയദർശിനി സൗജന്യയാത്ര നടത്തുന്ന ഓർഡിനറി ബസുകളടക്കം 50 സർവീസുകൾ മുടങ്ങിയതെന്നും അവർ പറയുന്നു. എന്നാൽ ഓർഡിനറി ബസുകൾ ഓടിക്കാതെ സൗജന്യയാത്ര അവസാനിപ്പിക്കാനുള്ള പദ്ധതിയാണിതെന്ന് വ്യക്തം. ടയർക്ഷാമത്തിന്റെ പേരിൽ വരുമാനം കുറവുള്ള റൂട്ടുകളിൽ സർവീസ് റദ്ദാക്കി വരുമാനം കൂടുതലുള്ള സർവീസുകൾ തുടരുകയാണ് കെഎസ്‌ആർടിസി. പ്രിയദർശിനി ബസുകളുടെ ടയർ ഉൗരി മറ്റ് ബസുകൾക്കിട്ട് സർവീസ് നടത്തുന്നുമുണ്ട്.
പത്തനംതിട്ട കെഎസ്‌ആർടിസി സ്റ്റാൻഡിൽ നിരവധി ഓർഡിനറി ബസുകളാണ് ഓടാതെ കട്ടപ്പുറത്തുള്ളത്. ഇവിടെ ചൊവ്വാഴ്ച മാത്രം ആറ് സർവീസ് റദ്ദാക്കി. കെഎസ്‌ആർടിസിയുടെ രണ്ട് പ്രധാന ഡിപ്പോകളും ഉപഡിപ്പോകളും ഓപ്പറേറ്റിങ് സെന്ററുകളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഏഴിടങ്ങളിൽ നിന്നുമായി 135 ഓർഡിനറി സർവീസാണുള്ളത്.
ടയർ ക്ഷാമത്തിന്റെ പേരിൽ ഓർഡിനറി ബസുകളാണ് സംസ്ഥാനമൊട്ടാകെ കെഎസ്‌ആർടിസി നിർത്തിവയ്ക്കുന്നത്. പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിൽ കൃത്യമായ ആലോചനയുണ്ടായിട്ടില്ല. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിക്കാൻ ഓർഡിനറി സർവീസുകൾ റദ്ദാക്കുന്ന നടപടിയിൽ യാത്രക്കാരും ആശങ്കയിലാണ്.
Highlights: 50 സർവീസ് വെട്ടിച്ചുരുക്കി
സൗജന്യയാത്ര അവസാനിപ്പിക്കാൻ നീക്കം
Caption: ഫോട്ടോ : ജെ കെ









0 comments