കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

കേരള കർഷക സംഘം ജില്ലാ സമ്മേളനം പി ആർ പ്രദീപ് നഗറിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡൻറ്റ് ബാബുകോയിക്കലേത്ത് പതാക ഉയർത്തുന്നു

സ്വന്തം ലേഖകൻ
Published on Jul 25, 2026, 12:05 AM | 2 min read
പത്തനംതിട്ട
കർഷക പ്രസ്ഥാനത്തിന്റെ കരുത്തും പോരാട്ടവീര്യവും വിളിച്ചോതി കർഷകസംഘം ജില്ലാ സമ്മേളനത്തിന് കാർഷിക സംസ്‌കൃതിയുടെ നാടായ ഓമല്ലൂരിൽ പ്രോജ്വല തുടക്കം. പി ആർ പ്രദീപ് നഗറിൽ (ദർശന ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. അഡ്വ. ആർ ബി രാജീവ്‌കുമാർ രക്തസാക്ഷി പ്രമേയവും അഡ്വ. സുഭാഷ്‌കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എം വി സഞ്‌ജു സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിയ്‌ക്കൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ബാബു കോയിക്കലേത്ത് കൺവീനറായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. അംഗങ്ങൾ: ബി സതികുമാരി, ഡോ. സജി ചാക്കോ, പ്രിയ ബി നായർ. പ്രമേയ കമ്മിറ്റി: ആർ ഗോവിന്ദ് (കൺവീനർ), ആർ അജയകുമാർ, എ എൻ സലീം, ഹരികുമാർ തിരുവല്ല, ഡോ. അംബികാദേവി, സി കെ രവിശങ്കർ. മിനിട്ട്‌സ് കമ്മിറ്റി: കെ ജി വാസുദേവൻ (കൺവീനർ), ജി വിജയൻ, കെ എസ് സുരേശൻ, എ എസ് സുമ. ക്രഡൻഷ്യൽ: അഡ്വ. ജെനു മാത്യു (കൺവീനർ), പ്രസാദ് എം ഭാസ്‌കർ, ജിജി മാത്യു, വർഗീസ് സക്കറിയ, ബി ജോൺകുട്ടി, ആർ രഞ്‌ജു.
300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
നേതാക്കളായ എം പ്രകാശൻ, എ സി മൊയ്‌തീൻ, അഡ്വ. ഓമല്ലൂർ ശങ്കരൻ, പി എം ഇസ്‌മയിൽ, പ്രൊഫ. എം ടി ജോസഫ്, വത്സല മോഹൻ, ഷെയ്‌ക് പി ഹാരീസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനി രാവിലെ പൊതുചർച്ചയ്‌ക്ക് മറുപടി, പ്രമേയ അവതരണം, തെരഞ്ഞെടുപ്പുകൾ എന്നിവയുണ്ടാകും. വൈകിട്ട് നാലിന് ഓമല്ലൂർ ക്ഷേത്രം ജങ്‌ഷനിൽനിന്ന് കർഷകറാലി ആരംഭിക്കും. ചന്തമൈതാനിയിൽ പൊതുസമ്മേളനം അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
രാസവിള വിലവർധന പിൻവലിക്കണം
പത്തനംതിട്ട
രാസവളങ്ങളുടെ വിലവർധന പിൻവലിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾമൂലം കേരളത്തിലെ കാർഷികമേഖല ഗുരുതര പ്രതിസന്ധിയിലാണ്. ഫാക്‌ടംപോസിന് 2024 ജനുവരിയിൽ 1,475 ആയിരുന്നു വില. ഇന്ന് 2,150 രൂപയായി കുതിച്ചുയർന്നു. പൊട്ടാഷിന്റെ വില 1,800 രൂപയിൽനിന്ന് 2,200 ആയി വർധിപ്പിച്ചു. യൂറിയ, സമ്മിശ്ര വളങ്ങൾ എല്ലാത്തിനും വില ക്രമാതീതമായി കൂടി. മാത്രമല്ല രാസവളങ്ങൾ ‘അഗ്രിസ്‌റ്റാറ്റ്’ ആപ്ലിക്കേഷൻ വഴി ബുക്കുചെയ്‌ത് വേണം വാങ്ങേണ്ട സ്ഥിതിയായി. ഇത് പാട്ടകൃഷിക്കാരെയും സാധാരണ കൃഷിക്കാരെയും സാരമായി ബാധിച്ചു. സംസ്ഥാന സർക്കാർ ഇൗ വിഷയം അവഗണിക്കുകയാണ്. കേന്ദ്ര സർക്കാർ കർഷകദ്രോഹ നയങ്ങളിൽനിന്ന് പിന്മാറുകയും സംസ്ഥാന സർക്കാർ നിസംഗത വെടിയുകയും വേണം.
കർഷകരെ അനുമോദിച്ചു
പത്തനംതിട്ട
കാർഷികരംഗത്ത് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കർഷകരെ സമ്മേളനത്തിൽ അനുമോദിച്ചു. സംസ്ഥാന നേതാക്കൾ മൊമെന്റോ നൽകി. സമ്മേളനത്തിന്റെ ഭാഗമായി കാർഷിക പ്രദർശനമേളയും ജീവിതശൈലി രോഗങ്ങളുടെ പരിശോധന ക്യാന്പും സംഘടിപ്പിച്ചിട്ടുണ്ട്.










0 comments