കർഷകസംഘം ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു
പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളനനഗറിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പതാകയുയർത്തുന്നു

സ്വന്തം ലേഖകൻ
Published on Jul 24, 2026, 12:05 AM | 1 min read
പത്തനംതിട്ട
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഓമല്ലൂരിൽ കൊടിയുയർന്നു. പൊതുസമ്മേളന നഗറിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പതാകയുയർത്തി. വെള്ളി രാവിലെ 10ന് പി ആർ പ്രദീപ് നഗറിൽ (ദർശന ഓഡിറ്റോറിയം) പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് അധ്യക്ഷനാകും.
ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച. ശനിയാഴ്‌ച പ്രതിനിധിസമ്മേളനം തുടരും. മറുപടി, പ്രമേയ അവതരണം, തെരഞ്ഞെടുപ്പ് എന്നിവയുമുണ്ടാകും. വൈകിട്ട് നാലിന് കർഷകറാലിയും പൊതുസമ്മേളനവും. അന്പലം ജങ്‌ഷനിൽനിന്ന് റാലി ആരംഭിക്കും. ചന്തമൈതാനിയിൽ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും.
കൊടി– കൊടിമര ജാഥകൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് പൊതുസമ്മേളന നഗറിലെത്തി. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ, സംഘാടകസമിതി ചെയർമാൻ എം വി സഞ്‌ജു എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു. പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക നിരണത്ത് എ ജി ഇൗപ്പൻ സ്‌മൃതി മണ്ഡപത്തിൽനിന്നാണ് എത്തിച്ചത്. ജാഥാ ക്യാപ്‌റ്റൻ ജെനു മാത്യുവിന് കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ഗീത പ്രസാദ് പതാക കൈമാറി. വിവിധയിടങ്ങളിൽ പര്യടനം നടത്തി പൊതുസമ്മേളന നഗറിലെത്തിലെത്തിച്ച പതാക ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഏറ്റുവാങ്ങി. കുരന്പാലയിൽ ടി എസ് രാഘവൻപിള്ളയുടെ സ്‌മൃതിമണ്ഡപത്തിൽനിന്നാണ് പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയെത്തിച്ചത്. ജാഥാ ക്യാപ്‌റ്റൻ രവിശങ്കറിന് ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജി വാസുദേവൻപിള്ള പതാക കൈമാറി. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള സമ്മേളന നഗറിൽ ഏറ്റുവാങ്ങി. കൊടിമരം ഇലന്തൂരിൽ പി ആർ പ്രദീപിന്റെ സ്‌മൃതിയിടത്തിൽനിന്നാണ് എത്തിച്ചത്. ജാഥാ ക്യാപ്‌റ്റൻ വർഗീസ് സക്കറിയയ്‌ക്ക് സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി വി വിനോദ് കൈമാറി. സമ്മേളന നഗറിൽ കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ്‌കുമാർ ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ അഡ്വ. ഓമല്ലൂർ ശങ്കരൻ പതാക ഉയർത്തി.










0 comments