കെ ഫോൺ
കണക്‌ട് ആയി 388 ബിപിഎൽ കുടുംബങ്ങൾ ജില്ലയിലാകെ 3500 കണക്ഷൻ

പത്തനംതിട്ട
സംസ്ഥാനത്തെ സമ്പൂർണ ഇന്റർനെറ്റ് കണക്ഷനുള്ള സംസ്ഥാനമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ "കെ ഫോൺ' പദ്ധതിയിൽ ജില്ലയിൽ ഇതുവരെ നൽകിയത് 3500 കണക്ഷനുകൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിപിഎൽ കുടുംബങ്ങൾ, മറ്റുള്ളവർ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയാണിത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 388 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകി. ഇവർക്ക് 50 എംബിപിഎസ് വേഗതയിൽ ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് ഇതിനകം ഒരുലക്ഷത്തിലധികം കെ ഫോൺ കണക്ഷൻ നൽകി. മലപ്പുറം ജില്ലയിലാണ് കൂടുതൽ– 23,706. ഉപഭോക്തൃ സേവന സംവിധാനം കൂടുതൽ ശക്തമാക്കി കെ–ഫോൺ ടെക്‌നിക്കൽ കോൾ സെന്ററും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കെ ഫോൺ ആസ്ഥാനമായ തിരുവനന്തപുരത്താണ് കോള്‍ സെന്റര്‍ പ്രവർത്തിക്കുന്നത്.
ടെക്‌നിക്കൽ ബിരുദധാരികളായ 37 പേരടങ്ങുന്ന സംഘമാണ് കോൾ സെന്ററിലുള്ളത്. ഇവരിൽ 60 ശതമാനവും സ്ത്രീകളാണ്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ മൂന്നുതലത്തിലാണ് പ്രവർത്തനം. മലയാളത്തിലും ഇംഗ്ലീഷിലും ഉപഭോക്തൃസേവനം ലഭ്യമാണ്. കൂടാതെ വരിക്കാർക്ക് ഒടിടി സേവനം ലഭ്യമാക്കാനുള്ള നടപടികൾക്കും കെ–ഫോൺ തുടക്കമിട്ടിട്ടുണ്ട്. 29 ഒടിടി പ്ലാറ്റ്ഫോമും മുന്നൂറ്റമ്പതോളം ഡിജിറ്റൽ ചാനലുകളും ഉൾപ്പെടുത്തിയാണ് സേവനം വിപുലപ്പെടുത്തിയത്. ഇൗ വർഷം സംസ്ഥാനത്താകെ 75,000 ബിപിഎൽ കുടുംബങ്ങൾക്കുകൂടി കണക്ഷൻ നൽകും.










0 comments