മൃതദേഹത്തിൽനിന്ന് അണുബാധ
സോമൻ തിരികെ ജീവിതത്തിലേക്ക്

ടി എ റെജികുമാർ
Published on Jul 15, 2026, 12:05 AM | 1 min read
തിരുവല്ല
മൃതദേഹത്തിൽ നിന്നും അണുബാധയേറ്റ് അപകടാവസ്ഥയിൽ കഴിഞ്ഞ തിരുവല്ല പാലിയേക്കര കാഞ്ഞിരമാലിയിൽ സോമൻ (56) അപകടാവസ്ഥയിൽനിന്നും ജീവിതത്തിലേക്ക് മടങ്ങുന്നു. ഇലന്തൂരിലെ നരബലി ഉൾപ്പെടെ കൊലപാതകങ്ങൾ, അപകട മരണങ്ങൾ, ആത്മഹത്യകൾ, രോഗബാധിത മരണങ്ങൾ തുടങ്ങി ഏഴായിരത്തിലധികം മൃതദേഹങ്ങൾ നീക്കം ചെയ്യാനും സംസ്കരിക്കാനും എവിടെയും സോമന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരും തൊടാൻ മടിക്കുന്ന, ദിവസങ്ങൾ പഴകിയ മൃതദേഹങ്ങൾ എടുത്തുമാറ്റുന്ന സോമൻ കാലിൽ അണുബാധയേറ്റ് ചികിത്സയിലാണ്.
മൃതദേഹത്തിൽനിന്നാണ് സോമന് അണുബാധയേറ്റത്. ഇലന്തൂർ നരബലി, മാന്നാർ കൊലപാതകം തുടങ്ങിയ കേസുകളിൽ വാർത്താചാനലുകളിൽ നിറഞ്ഞുനിന്ന സോമൻ മലയാളികൾക്ക് സുപരിചിതനാണ്. പൊലീസിനും മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കും സോമൻ നൽകിയ സഹായം നിർണായകമായിരുന്നു.
എണ്ണിയാലൊടുങ്ങാത്ത മൃതദേഹങ്ങൾ പൊലീസിനായി എടുത്തു നൽകിയിട്ടുണ്ട്. ജൂൺ രണ്ടിന് പത്തനംതിട്ട ചന്ദനപ്പള്ളിയിൽ മുള്ളുകൾക്കിടയിൽ 22 ദിവസം പഴക്കമുള്ള പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം എടുക്കുന്നതിനിടെയാണ് അണുബാധയുണ്ടായത്. ധരിച്ചിരുന്ന പിപിഇ കിറ്റ് കീറി കാലിന്റെ തുടഭാഗത്തു കൊണ്ട മുള്ളിൽ നിന്നുണ്ടായ മുറിവ് വഴിയായിരുന്നു അണുബാധ.
ജൂൺ രണ്ടിനാരംഭിച്ച പനിക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പനി കുറയാതെ വന്നപ്പോൾ കാലിൽ കൊണ്ട മുള്ളിലെ വിഷമാണെന്ന് ധരിച്ച് വിഷചികിൽസ ചെയ്തിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജൂൺ അഞ്ചിന് ചികിൽസ തേടുന്നത്. മൃതദേഹത്തിൽ നിന്നുണ്ടായ അണുബാധയാണ് കാരണമെന്ന് തിരിച്ചറിയാൻ ഒരു മാസത്തോളം വേണ്ടി വന്നു. പിന്നീട് നാല് തവണ കാലിൽ ശസ്ത്രക്രിയ ചെയ്തു.
മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. ഏഴുദിവസം അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 31–-ാം ദിവസമാണ് അണുക്കൾ ഏതാണെന്ന് കണ്ടുപിടിക്കുന്നത്. നാല് ശസ്‌ത്രക്രിയ കഴിഞ്ഞു. ഇനിയും മൂന്നാഴ്ച കൂടി വിശ്രമിക്കണം.
സോമന്റെ ദുരവസ്ഥ കണ്ട് പൊലീസുകാർ ഒന്നേകാൽ ലക്ഷം രൂപ നൽകി സഹായിച്ചു. മറ്റു പലരും നൽകിയ സഹായത്തോടെയാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്. തുടർ ചികിത്സക്കുള്ള സഹായത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം. സോമന്റെ പേരിലുള്ള അക്കൗണ്ട് നന്പർ: 12530100155599. ഫെഡറൽ ബാങ്ക് കാവുംഭാഗം ബ്രാഞ്ച്. ഐഎഫ്‌എസ്‌സി: FDRL0001253. ഗൂഗിൾ പേ നന്പർ: +91 81118 21688.











0 comments