ad
Deshabhimani

ദേശീയ നാടകോത്സവം

‘ബിയോണ്ട് ദി ലിബറേഷൻ' അരങ്ങിലേക്ക്

‘ബിയോണ്ട് ദി ലിബറേഷൻ’ നാടകത്തിൽനിന്ന്

‘ബിയോണ്ട് ദി ലിബറേഷൻ’ നാടകത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Jul 15, 2026, 12:42 AM | 1 min read

ഷൊർണൂർ

ദേശീയ നാടകോത്സവത്തിൽ അരങ്ങ്‌ കീഴടക്കാൻ കേരളത്തിൽനിന്ന്‌ ‘ബിയോണ്ട് ദി ലിബറേഷൻ' ഒരുങ്ങുന്നു. കേന്ദ്ര സംഗീത – നാടക അക്കാദമി കാളിദാസ ജയന്തിയോടനുബന്ധിച്ചാണ്‌ നാടകോത്സവം സംഘടിപ്പിക്കുന്നത്‌. വന്ദേമാതരം ഗീതത്തിന്റെ 150– -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി "വന്ദേമാതരം: ഇന്ത്യൻ തിയറ്ററിലൂടെയുള്ള ദേശഭക്തിയുടെ ആത്മാവ്’ എന്നതാണ്‌ നാടകോത്സവത്തിന്റെ പ്രമേയം. ഇന്ത്യയിലുടനീളം 39- ഭാഷയിലും ഭാഷാഭേദങ്ങളിലുമായി 150 നാടകങ്ങളാണ് ഈ ഉത്സവത്തിന്റെ ഭാഗമാകുന്നത്. ഇതിൽ കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് നാടകങ്ങളിൽ ഒന്നാണ്‌ നാടക സമിതിയായ ജനഭേരിയുടെ ‘ബിയോണ്ട് ദി ലിബറേഷൻ’. ജനഭേരി തിയറ്റർ ഗ്രൂപ്പ്, ചക്കുന്നത്ത് രാമചന്ദ്രൻ നായർ സാംസ്കാരിക കേന്ദ്രം, ജനകീയ വായനശാല എന്നിവ ചേർന്നാണ്‌ നാടകം അവതരിപ്പിക്കുന്നത്. 15ന് വൈകിട്ട് ആറിന് ഷൊർണൂർ ചുഡുവാലത്തൂരിലെ ജനഭേരി സ്കൂൾ ഓഫ് ആർട്സ് ആൻഡ് പെർഫോമൻസ് സ്റ്റഡീസിലാണ്‌ നാടകം അരങ്ങേറുക. മലയാള ഭാഷയിലുള്ള ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് അഭിമന്യു വിനയകുമാറാണ്. ശ്രീഹരിയും പാവകളി കലാകാരൻ രാജീവ് പുലവരുമാണ്‌ അണിയറയിൽ പ്രവർത്തിച്ചത്‌. 60 മിനിറ്റ് ദൈർഘ്യമുള്ള ഈ നാടകം തിയറ്റർ ആവിഷ്കാരത്തിന് പുതിയൊരു ദൃശ്യാനുഭവം പകരുന്നതായിരിക്കും. രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും ഐക്യവും വിളിച്ചോതുന്ന ഈ ദേശീയ നാടകോത്സവത്തിലേക്ക് എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home