വെടിക്കെട്ട് ഉപേക്ഷിച്ചു
സ്‌നേഹഭവനം യാഥാർഥ്യമാക്കി ചന്ദനപ്പള്ളി വലിയപള്ളി

പത്തനംതിട്ട
വെടിക്കെട്ടിന്റെ നൈമിഷിക സന്തോഷം വേണ്ടെന്ന് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി തീരുമാനിച്ചപ്പോൾ സഫലമായത് നിർധന കുടുംബത്തിന് സ്വപ്‌നഭവനം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പകരം സ്‌നേഹഭവനം നിർമിക്കണമെന്ന മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ആഹ്വാനപ്രകാരമാണ് വലിയപള്ളി പ്രവാസി കൂട്ടായ്‌മ ഭവന നിർമാണം ഏറ്റെടുത്തത്. 60 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കി. രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും ഒരുക്കിയിട്ടുണ്ട്. ഓടിട്ട വീട് വേണമെന്ന വൃദ്ധദമ്പതികളായ വീട്ടുകാരുടെ ആവശ്യവും പരിഗണിച്ചായിരുന്നു നിർമാണം. ചന്ദനപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രവാസി സംഗമം ലളിതമാക്കി ആ തുകയും ഭവനനിർമാണത്തിന് വിനിയോഗിച്ചു. ഫാ. സുനിൽ എബ്രഹാം (പ്രസിഡന്റ്), ഫാ. ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്റ്), മാത്യൂസ് പി ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറർ) എന്നിവരാണ് ചന്ദനപ്പള്ളി പ്രവാസി കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നൽകുന്നത്. സ്‌നേഹഭവനത്തിന്റെ കൂദാശ ഞായർ വൈകിട്ട് 3.30-ന് നടക്കും. ഇടവക വികാരി സുനിൽ എബ്രഹാം, സഹവികാരി ജോബിൻ യോഹന്നാൻ തുടങ്ങിയവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുമെന്ന് ഇടവക ട്രസ്‌റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി എം വർഗീസ്, ലോക പ്രവാസി കൂട്ടായ്‌മ കോ -ഓർഡിനേറ്റർമാരായ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു.
പ്രശംസിച്ച് കാതോലിക്കാ ബാവാ
പത്തനംതിട്ട
വെടിക്കെട്ടിനേക്കാൾ ശോഭയുള്ള കരുണയുടെ വെളിച്ചമാണ് ചന്ദനപ്പള്ളി വലിയപള്ളിയും ഇടവകജനങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വെടിക്കെട്ടിന്റെ ശബ്‌ദത്തേക്കാൾ ഇമ്പകരമാണ് സ്‌നേഹത്തിന്റെ ഭാഷയെന്ന് നാം തെളിയിക്കുകയാണ്. സഭയുടെ യഥാർഥ മഹത്വത്തിന്റെ പ്രകാശമാണ് ഇത്തരം പ്രവൃത്തികളെന്നും സഭാധ്യക്ഷൻ പറഞ്ഞു.











0 comments