അപകടമരണം
പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ മുട്ടാപ്പോക്ക് പറഞ്ഞ് ആശുപത്രി അധികൃതർ

അടൂർ
അപകടമരണത്തെ തുടർന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്യാനാവില്ലെന്ന നിലപാടിൽ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യും. അടൂർ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം ചെയ്യാൻ ചില ഡോക്ടർമാർ തയ്യാറല്ല. ഇതിന് സൂപ്രണ്ട് ഉടൻ കാരണം കണ്ടെത്തും. പോസ്‌റ്റുമോർട്ടം നടത്താൻ ഫോറൻസിക് സർജൻ വേണമെന്നതാണ് ഉന്നയിക്കുന്ന ന്യായം.
വാഹനാപകടത്തിൽ മരിക്കുന്നവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഫോറൻസിക് സർജന്റെ സേവനം ആവശ്യമില്ലെന്നിരിക്കെയാണ് മൃതദേഹം അടൂർ ആശുപത്രിയിൽനിന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ ഇത് തന്ത്രമായി പറയുന്നത്. സൂപ്രണ്ടിന് താൽപ്പര്യമുള്ള ഡോക്‌ടർമാർ ഡ്യൂട്ടിയിലുള്ളപ്പോഴാണിത്.
ഇത് സ്ഥിരമായതോടെ മൃതദേഹവുമായി ബന്ധുക്കൾ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
മരിച്ചവരുടെ ബന്ധുക്കൾക്ക് ദുഃഖം ഇരട്ടിയാക്കുകയാണ് ഇത്തരം പ്രശ്നങ്ങൾ.
കൊലപാതകം, മുങ്ങിമരണം, സംശയാസ്പദ മരണങ്ങൾ, സ്ത്രീധനപീഡനമരണം തുടങ്ങിയ കേസുകളിൽ പൊലീസ് സർജൻ മൃതദേഹപരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ വാഹനാപകട മരണങ്ങളിൽ മൃതദേഹ പരിശോധനയ്ക്ക് ഫോറൻസിക് സർജന്റെയോ പൊലീസ് സർജന്റെയോ ആവശ്യമില്ല. വാഹനാപകടത്തിൽ മരിച്ചതാണെന്ന് പൊലീസ് നടത്തുന്ന ദേഹപരിശോധനാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയാൽ ഫോറൻസിക് സർജന്റെ സേവനമില്ലാതെ പോസ്റ്റ്മോർട്ടം നടത്താം.
സാമ്പത്തികനഷ്‌ടവും
മൃതദേഹപരിശോധനയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് ആംബുലൻസിൽ പോകേണ്ടി വരുന്നതിനാൽ വലിയ സാമ്പത്തികനഷ്‌ടമാണ് പലർക്കും ഉണ്ടാകുന്നത്. വാഹനത്തിന്റെ കൂലി, പോകുന്നവരുടെ ചെലവുകൾ തുടങ്ങിയവ സാധാരണക്കാർക്ക് പലപ്പോഴും താങ്ങാനാവില്ല.










0 comments