ad
Deshabhimani

ജീവൻരക്ഷാ മരുന്നുകൾക്ക്‌ ക്ഷാമം

താളംതെറ്റി ചികിത്സ

Photo

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഫാർമസി അടച്ചിട്ട നിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Jul 25, 2026, 12:05 AM | 1 min read

പത്തനംതിട്ട

സർക്കാരിന്റെ അനാസ്ഥയിൽ ജീവൻരക്ഷാ മരുന്നുകൾക്ക്‌ കടുത്തക്ഷാമം നേരിട്ടതോടെ കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുൾപ്പെടെയുള്ളവയുടെ പ്രവർത്തനം താളംതെറ്റുന്നു. ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരുന്നു ലഭിക്കാതെ നട്ടംതിരിയുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ വഴി പാവങ്ങൾക്ക്‌ ലഭ്യമായിരുന്ന ജീവൻരക്ഷാ മരുന്നുകൾപോലും ആശുപത്രി സ്‌റ്റോറുകളിൽ ലഭ്യമല്ല. ഫാർമസികളുടെ സേവനം ഭാഗികമായതോടെ ഒപിയുടെ പ്രവർത്തനവും പലയിടത്തും ചുരുങ്ങി.

കോന്നി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജില്ലയ്‌ക്ക്‌ പുറത്തുനിന്നടക്കം ദിനംപ്രതി നൂറുകണക്കിന് രോഗികളാണ്‌ ചികിത്സ തേടിയെത്തുന്നത്‌. ഫാർമസിൽനിന്നും സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകൾ ലഭ്യമായിട്ട്‌ ഒരു മാസത്തിലേറെയായി. ഡോക്‌ടർമാർ നൽകുന്ന കുറുപ്പടിയിലെ മിക്ക മരുന്നുകളും ഉയർന്ന വിലനൽകി പുറത്തുനിന്നും വാങ്ങേണ്ട ഗതിയാണ്‌. ആവശ്യത്തിന് മരുന്ന്‌ പർച്ചേയ്സ് ചെയ്യാത്തതാണ് പ്രതിസന്ധിക്ക്‌ പ്രധാന കാരണം.

പുറത്ത് വലിയ വിലയുള്ള മരുന്നുകൾ പോലും മുമ്പ് ഇവിടെനിന്നും രോഗികൾക്ക് സൗജന്യമായി നൽകിയിരുന്നു. ഡയാലിസിസ് മരുന്നുകളായ ഹെപ്പാരിൻ, എറിത്രോപോയിറ്റിൻ റിഫാഗട്ട്‌– 550, കാർഡിവാസ്‌ മരുന്നുകൾ ഇല്ലാതായിട്ട്‌ രണ്ടുമാസത്തിലേറെയായി. രക്തസമ്മർദത്തിന്‌ നൽകുന്ന അർക്കാമിൻ, നിക്കാർഡെയ്‌ൻ, ഇസോലാസിയൻ, അപസ്‌മാര രോഗികൾക്കായുള്ള ലവിപ്പിൽ–500 തുടങ്ങിയ മരുന്നുകളുടെ വിതരണവും നിലച്ചു.

പനിയും പകർച്ചവ്യാധികളും ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടും മരുന്നുക്ഷാമം പരിഹരിക്കുന്നതിൽ അധികൃതർ അനങ്ങാപ്പാറനയം തുടരുകയാണ്‌. കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി, അടൂർ താലൂക്ക് ആശുപത്രികൾ, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ സ്ഥിതിയും മറിച്ചല്ല.

മരുന്നും ആവശ്യത്തിന് ഡോക്‌ടർമാരുമില്ലാതെ റാന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായിട്ട്‌ മാസങ്ങളായി. ഇതുമൂലം 105 കിടക്കകളുള്ള ആശുപത്രിയിലെ കിടക്കകളെല്ലാം ഒഴിഞ്ഞ അവസ്ഥയിലാണ്. സർജനും ഫിസിഷനും ഗൈനക്കോളജിസ്‌റ്റുമൊക്കെ ഉച്ചവരെ ആശുപത്രിയിലുള്ളൂ. ദിവസേന ആയിരത്തിലധികം രോഗികൾ എത്തിയിരുന്നിടത്ത്‌ ഇന്നത്‌ പകുതിയിൽതാഴെ മാത്രമായി. മുന്പ്‌ 35ലധികം ഡോക്‌ടർമാരുടെ സേവനവും ഇവിടെ എല്ലാസമയവും ലഭിച്ചിരുന്നു. തോട്ടം തൊഴിലാളികളും ആദിവാസി മേഖലകളും പട്ടികജാതി കുടുംബങ്ങളും ഏറെയുള്ള പ്രദേശത്തെ പാവങ്ങളുടെ ഏക ചികിത്സാകേന്ദ്രമാണ്‌ റാന്നി താലൂക്ക് ആശുപത്രി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home