ad
Deshabhimani

വനംവകുപ്പിന്‌ പിടിപ്പത്‌ പണി

ചൂട്‌ ; മാളം ഉപേക്ഷിച്ച്‌ 
പാമ്പുകൾ

RAJAVEMPALA
avatar
ഷാഹീർ പ്രണവം

Published on May 04, 2026, 12:15 AM | 2 min read


കോന്നി
കൊടുംചൂട് സഹിക്കാനാവാതെ വിഷ പാമ്പുകൾ  നാട്ടിലിറങ്ങുന്നത് ഭീതി പരത്തുന്നു. മൂർഖൻ, രാജവെമ്പാല, അണലി, ശഖുവരയൻ തുടങ്ങിയ ഉഗ്രവിഷ പാമ്പുകളാണ് മലയോരമേഖലയിൽ കൂടുതലായി കണ്ടുവരുന്നത്. പാമ്പുകളെ പിടികൂടാൻ സഹായം അഭ്യർഥിച്ച് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ്‌ ടീമിനെ (ആർആർടി) നിരവധി പേരാണ് ദിവസവും സമീപിക്കുന്നത്. ചെറുമഴയിൽ പാമ്പുകൾ പുതുമണ്ണിന്റെ ഗന്ധം നുകർന്ന് മാളങ്ങളിൽ നിന്നും പുറത്തിറങ്ങുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നാട്ടിലിറങ്ങുന്ന പാമ്പുകളുടെ എണ്ണം വർധിച്ചതായി വനം വകുപ്പ് അധികൃതർ പറയുന്നു. മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന സമയമാണിത്. ചൂടു കൂടിയതോടെ മാളത്തിൽ കഴിയാനാകാതെ ഇവ പുറത്തിറങ്ങും. വീടുകളിൽ വെള്ളം പുറത്തേക്ക് ഒഴുകുന്ന അടുക്കള, കുളിമുറി എന്നിവയുടെ പരിസരത്തുനിന്നുമാണ് കൂടുതൽ പാമ്പുകളെ പിടികൂടുന്നത്. രാജവെമ്പാലകൾ അടുക്കളയിലോ, അടുക്കളയോട്‌ ചേർന്ന ഭാഗങ്ങളിലോ ആണ് കൂടുതൽ കയറി പറ്റാറുള്ളത്. വനാതിർത്തിയോട്‌ ചേർന്ന ജനവാസ മേഖലകളിൽ നിന്നാണ് രാജവെമ്പാലകളെ കൂടുതലായി പിടികൂടുന്നത്.
റാപ്പിഡ് 
റെസ്പോൺസ്‌ ടീം...
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഏഴ്‌ താലൂക്കുകളിലെ എല്ലാ പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് കോന്നി ഡിഎഫ്ഒയുടെ നിയന്ത്രണത്തിൽ കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർആർടിയുടെ പ്രവർത്തന മേഖല. കഴിഞ്ഞ വർഷം നാട്ടിൽ നിന്നും 40 രാജവെമ്പാലകളടക്കം ആയിരത്തോളം വിഷ പാമ്പുകളെയാണ് ആർആർ ടി യുടെ കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റ് പിടികൂടിയത്.
കോന്നി പെരിഞ്ഞൊട്ടയ്ക്കൽ, പോത്തു പാറ, കൊന്നപ്പാറ, പാടം എന്നിവിടങ്ങളിൽ നിന്നും നാല് രാജവെമ്പാലകളെ അടുത്തിടെ പിടികൂടിയിരുന്നു. വിഷപാമ്പുകളുടെ പ്രജനന കാലമായിരുന്നു ഡിസംബർ. കരുനാഗപ്പള്ളി, തേവലക്കര , ശാസ്താംകോട്ട പ്രദേശങ്ങളിൽ അണലിയും, അടൂർ, പറക്കോട്, ആലപ്പുഴ പ്രദേശങ്ങളിൽ മൂർഖനും, ചുരട്ടയും, പെരുന്നാട്, കോന്നി, റാന്നി പ്രദേശങ്ങളിൽ രാജവെമ്പാലയും, മൂർഖനും, പെരുമ്പാമ്പുമാണ് കൂടുതലായി പിടികൂടപ്പെടുന്നവ.
​വനം വകുപ്പ് 
സ്വയം പര്യാപ്തം...
പാമ്പുപിടുത്ത വിദഗ്ധനായ വാവാ സുരേഷിനെ ആശ്രയിച്ചായിരുന്നു വനം വകുപ്പ് പാമ്പുകളെ പിടികൂടിയിരുന്നത്. ഇപ്പോൾ സ്ഥിതി മാറി.  പരിശീലനം ലഭിച്ച വനപാലകർ തന്നെയാണ് വിഷ പാമ്പുകളെ ഇപ്പോൾ പിടികൂടുന്നത്. കൂടാതെ സർപ്പ ആപ്പ് വഴി അഞ്ച്‌ വർഷമായി പരിശീലനവും വനം വകുപ്പ് നൽകി വരുന്നു. സ്‌ട്രൈക്കിങ് ഫോഴ്‌സിലെ 13 അംഗങ്ങളും പരിശീലനം സിദ്ധിച്ചവരാണ്. കോന്നി, കരുന്നാഗപ്പള്ളി, അടൂർ, കുന്നത്തൂർ, ചവറ, പത്തനാപുരം, റാന്നി എന്നീ താലൂക്കുകളിൽ ഇവരുടെ സേവനം ലഭ്യമാണ്.
ജാഗ്രത വേണം
ചൂടു കൂടിവരുന്ന സാഹചര്യത്തിൽ വനാതിർത്തിയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് പറയുന്നു. വിഷപാമ്പുകളടക്കമുള വന്യജീവികൾ നാട്ടിലിറങ്ങിയാൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ കോന്നി, റാന്നി വനം ഡിവിഷനുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഡിഎഫ്ഒ കൺവീനറായുള്ള അവലോകന സമിതിയും, കോന്നി സ്ട്രൈക്കിങ് ഫോഴ്സ്  യൂണിറ്റുമുണ്ട്‌. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home