മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം
12ന് എൽഡിഎഫ് വിശദീകരണയോഗങ്ങൾ

പത്തനംതിട്ട
ആരോഗ്യമന്ത്രി വീണാ ജോർജിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് ജില്ലയിലെ ആരോഗ്യ മേഖലയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനം. ആരോഗ്യമേഖലയിൽ ജില്ലയിലുണ്ടായ നേട്ടങ്ങളും വികസനങ്ങളും ജനങ്ങളുമായി സംവദിക്കാൻ വ്യാഴാഴ്‌ച പത്തനംതിട്ടയിൽ വിശദീകരണയോഗം ചേരും. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും 12ന് വിശദീകരണയോഗങ്ങൾ ചേരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽക്കണ്ട് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലയിലെ ക്രമസമാധാനം തകർത്ത് പൊതുഗതാഗതം തടസപ്പെടുത്തി അക്രമം അഴിച്ചുവിടുകയാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തനം തടസപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തിയിൽനിന്ന് കോൺഗ്രസ് പിൻമാറണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. യോഗത്തിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ പി ഉദയഭാനു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, അലക്സ് കണ്ണമല, രതീഷ്കുമാർ, സജി അലക്സ്, എ പത്‌മകുമാർ, ചെറിയാൻ ജോർജ് തമ്പു, മനോജ് മാധവശ്ശേരിൽ, രാജു നെടുവമ്പുറം, ബി ഷാഹുൽ ഹമീദ്, മനു വാസുദേവ്, നിസ്സാർ നൂർമഹൽ, സുമേഷ് ഐശ്വര്യ, ഡി സജി എന്നിവർ സംസാരിച്ചു.










0 comments