സർക്കാർ അരി കരിഞ്ചന്തയിൽ മറിച്ച് വിറ്റു
ബിഡിഒയ്‌ക്കും കൺവീനർമാർക്കും തടവും പിഴയും

പന്തളം
തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച് നൽകിയ അരി തട്ടിച്ചെടുത്ത് കരിഞ്ചന്തയിൽ മറിച്ച് വിറ്റ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും, കൺവീനർമാരെയും തടവിനും, പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതിയിലെ തൊഴിലാളികൾക്ക് കൂലിയായി സർക്കാർ അനുവദിച്ച് നൽകിയ അരി തട്ടിയെടുത്ത് കരിഞ്ചന്തയിൽ വിറ്റ് സർക്കാരിന് 13,08,999- രൂപയുടെ നഷ്ടം വരുത്തിയതാണ് കേസ്. പ്രതികളായ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും കൊല്ലം പട്ടാഴി സ്വദേശിയുമായ കെ വാസുദേവൻ നായർ (76), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ഗുണഭോക്തൃ സമിതി കൺവീനർമാരും പന്തളം സ്വദേശികളുമായ വൈ ഷാലു ഖാൻ ( 47), കെ ശിവരാജൻ (62) എന്നിവരെയാണ്14 വർഷം വീതം തടവിനും, 50,000- രൂപ വീതം പിഴ ഒടുക്കുന്നതിനും കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2000 -– 2005 കാലഘട്ടത്തിലാണ് പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതിയുടെ കീഴിൽ പന്തളം നഗരസഭാ പരിധിയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായ തൊഴിലാളികൾക്ക് കൂലിക്ക് പകരമായി വിതരണം ചെയ്യാൻ സർക്കാർ എഫ്സിഐ ഗോഡൗണിൽ നിന്നും അരി അനുവദിച്ചത്.
ഇങ്ങനെ ലഭിച്ച 2,11,130 കിലോയോളം അരി പദ്ധതി നടപ്പിലാക്കാതെ പന്തളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായിരുന്ന കെ വാസുദേവൻ നായരും, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, അഞ്ച് ഗുണഭോക്തൃ സമിതി കൺവീനർമാരും ചേർന്ന് ക്രമക്കേടുകൾ നടത്തി കരിഞ്ചന്തയിൽ മറിച്ച് വിറ്റു. ഇതിന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് 2008ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ മറ്റ് പ്രതികളായിരുന്ന മുൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, മറ്റ് 3 ഗുണഭോക്തൃ സമിതി കൺവീനർമാരും കേസിന്റെ നടപടികൾക്കിടെ മരണപ്പെട്ടിരുന്നു. കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. മോഹിത്ത് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.










0 comments