കെഎസ്‌ആർടിസി ബസിലെ സൗജന്യയാത്ര
തീരുമാനം പുനപരിശോധിക്കണം

റാന്നി
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര സർക്കാർ പുനപരിശോധിക്കണമെന്ന് സെന്റർ മോട്ടോർ മെക്കാനിക്കൽ ആൻഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ഒരു പഠനവും ഗൃഹപാഠവും ചെയ്യാതെയുള്ള തീരുമാനമാണിത്. സൗജന്യയാത്ര സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്നതിൽ എതിർപ്പില്ല. എന്നാൽ ലക്ഷക്കണക്കിനുരൂപ ശമ്പളം വാങ്ങുന്ന വനിതകൾ സൗജന്യമായി യാത്ര ചെയ്യുമ്പോൾ വീട്ടിൽ ഒരു നിവൃത്തിയുമില്ലാത്ത ആൺകുട്ടികൾ കോളേജിലോ സ്കൂളിലോ പോകാൻ പണം മുടക്കേണ്ട അവസ്ഥയാണ്. യുഡിഎഫ് സർക്കാരിന്റെ ഈ തലതിരിഞ്ഞ നയം കാരണം ജനങ്ങളുടെ നികുതിപ്പണവും കേരളത്തിന്റെ വികസനത്തിനുള്ള പണവും പാവങ്ങൾക്ക് ലഭിക്കുന്നതിനുപകരം അർഹതയില്ലാത്തവർക്ക് ലഭിക്കും.
ഈ മേഖലയിൽ സർവീസ് നടത്തുന്ന ആയിരക്കണക്കിന് സ്വകാര്യബസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. ബസ് തൊഴിലാളികൾക്ക് ദിവസവേതനം ലഭിക്കാത്ത സ്ഥിതിയാണ്. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്നും അവർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മുഴുവൻ തൊഴിലാളികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ജില്ലാ സെക്രട്ടറി കെ കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.










0 comments