സൗജന്യ ബസ്‌യാത്ര
വ്യാപാരികളുടെയും വയറ്റത്തടിച്ചു

സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:05 AM | 1 min read
പത്തനംതിട്ട
സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് സ്‌റ്റാൻഡുകളിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിൽ. വലിയ വാടക നൽകിയാണ് ഇവിടങ്ങളിൽ കടമുറികളും മറ്റും പ്രവർത്തിക്കുന്നത്. സ്വകാര്യ ബസുകളിലെ സ്‌ത്രീയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു. ജില്ലയിൽ 13 സ്വകാര്യ ബസ് സ്‌റ്റാൻഡുകളിലായി ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും പ്രവർത്തിക്കുന്നത് തദ്ദേശസ്ഥാപനങ്ങളുെടെ ഉടമസ്ഥതിയിലുള്ള കെട്ടിടങ്ങളിലാണ്. ഇതിനടുത്ത് സ്വകാര്യ കെട്ടിടങ്ങളിലുള്ള സ്ഥാപനങ്ങൾക്കും ബസ് സ്‌റ്റാൻഡുമായി ബന്ധപ്പെട്ട് ഉയർന്ന കച്ചവടസാധ്യത കണ്ട് വലിയ വാടകയാണ് ഇൗടാക്കിയിരുന്നത്. യാത്രക്കാർ എത്താതായി കച്ചവടം കുറഞ്ഞതോടെ വാടക നൽകാൻ മറ്റു മാർഗങ്ങൾ തേടുകയാണ് വ്യാപാരികൾ. പത്തനംതിട്ട സ്വകാര്യ ബസ് സ്‌റ്റാൻഡ് നഗരസഭ പുതുക്കി പണിതപ്പോൾ സൗകര്യങ്ങളും വർധിപ്പിച്ചിരുന്നു. ഇൗ ഘട്ടത്തിൽ വാടകയിലും കാര്യമായ വ്യത്യാസമുണ്ടായി. സ്വകാര്യ ബസ് യാത്രക്കാരെ ആശ്രയിച്ചാണ് സ്‌റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളൊക്കെയും പ്രവർത്തിക്കുന്നത്. ‘പ്രിയദർശിനി’യുടെ വരവോടെ കച്ചവടം നാമമാത്രമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികൾ നേരിടുന്നതെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നഗരസഭ നിശ്‌ചയിച്ചിട്ടുള്ള വാടക നൽകി സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്വകാര്യ ബസ് സ്‌റ്റാൻഡിലെ വ്യാപാരികൾക്ക് കടവാടകയിൽ ഇളവ് അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
‘പ്രിയദർശിനി’ സൗജന്യബസ് സർവീസ് തുടങ്ങിയതോടെ വരുമാനം കുറഞ്ഞ് നികുതി അടയ്‌ക്കാനാവാതെ പത്തനംതിട്ടയടക്കം ആറു ജില്ലകളിൽ 800ൽലധികം ബസുകൾ ബുധനാഴ്‌ച മുതൽ നിരത്തിലിറങ്ങില്ല.











0 comments