നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു;
ജനം ഭീതിയിൽ

പത്തനംതിട്ട
നഗരത്തിനടുത്ത് വെട്ടിപ്രം ഭാഗത്ത് നിരവധി പേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. നായയുടെ അക്രമണത്തിന് ഇരയായവർ പ്രതിരോധ ചികിത്സയ്‌ക്ക് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്‌ച പകലാണ് തെരുവ് നായ പലരെയും കടിച്ചത്. വെട്ടിപ്രം കുമ്പാങ്ങൾ പ്രദേശത്ത് കണ്ട നായ ഈ ഭാഗം മുതൽ വളരെദൂരം സഞ്ചരിച്ച് പരാക്രമം നടത്തുകയായിരുന്നു. പോയ വഴിയിൽ കണ്ടവരെയെല്ലാം കടിച്ചു. ചിലരുടെ ദേഹത്തേക്ക് ചാടിക്കയറി നക്കുകയും മാന്തുകയും ചെയ്‌തു. വളർത്തു നായകളെയും പശുക്കളെയും കടിച്ചു. തെരവിൽ കണ്ട നായകളെയും കടിച്ചു. നാട്ടുകാർ നായയെ തല്ലിക്കൊന്നിരുന്നു. തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തിൽ നടത്തിയ പോസ്‌റ്റ് മോർട്ടത്തിലാണ് നായയ്‌ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരും സമ്പർക്കമുള്ളവരും പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. തെരുവ് നായ്‌ക്കളെ ഉൾപ്പെടെ കടിച്ചതിനാൽ ജനം ഭീതിയിലാണ്. അലഞ്ഞ് തിരിയുന്ന തെരുവ് നായ്‌ക്കളെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.








0 comments