കുട്ടിക്കൂട്ടത്തിന്റെ CR 7

റാന്നി
കുപ്പിക്കട്ടകൾ (ഇക്കോ ബ്രിക്സ്) കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ രൂപമൊരുക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ. ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചിലേറ്റിയാണ് കുട്ടിക്കൂട്ടം പ്രിയതാരത്തെ കുപ്പിക്കട്ടയിൽ നിർമിച്ചത്.
സ്കൂളിലെ ഫെയർ ഫീൽഡ് സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെയാണ് ഫുട്‌ബോൾ ആരവവും പരിസ്ഥിതി സംരക്ഷണവും സംയോജിപ്പിച്ച് പരിപാടി ഒരുക്കിയത്. 10 അടി ഉയരത്തിലുള്ള ഇഷ്ട താരത്തിന്റെ കൂറ്റൻ രൂപം കണ്ട് കുട്ടികൾ തുള്ളിച്ചാടി. വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് റൊണാൾഡോയുടെ രൂപം തീർത്തത്. കുട്ടികൾ തന്നെ നിർമ്മിച്ച ഇക്കോ ബ്രിക്സാണ് നിർമ്മാണത്തിനുപയോഗിച്ചത്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കൾ നിറച്ചുണ്ടാക്കിയ 480 ഇക്കോ ബ്രിക്സ് ഉപയോഗിച്ചായിരുന്നു നിർമാണം. വീടുകളിൽ നിന്നും വിദ്യാലയ പരിസരത്തുനിന്നും ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളാണ് ഇതിനുപയോഗിച്ചത്. ലോകകപ്പിന്റെ ആവേശം നിറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുകയാണ് ലക്ഷ്യം.










0 comments