ad
Deshabhimani

ലോകകപ്പ്‌ പുറമറ്റത്തിന്‌ അഭിമാനകപ്പ്‌

Photo
avatar
സ്വന്തം ലേഖകൻ

Published on Jun 11, 2026, 12:05 AM | 1 min read

ഇരവിപേരൂർ

ബ്രസീൽ ആരാധകരല്ലാത്തവർ ഇ‍ൗ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിൽ കയറാനൊന്ന്‌ മടിക്കും. പച്ചയും മഞ്ഞയും കലർന്ന ബ്രസീൽ പതാകയെ അനുസ്മരിപ്പിക്കും വിധം നിറമണിഞ്ഞിരിക്കുകയാണ്‌ പുറമറ്റം ജങ്‌ഷനിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം. പുറമറ്റത്തെ ബ്രസീൽ ആരാധകരാണ്‌ ബസ്‌ സ്‌റ്റോപ്പിനാകെ ബ്രസീൽ ടച്ച്‌ നൽകിയത്‌. ഒപ്പം ജങ്‌ഷനിലാകെ പ്രിയതാരങ്ങൾക്കായി തോരണങ്ങൾ ഉയർന്നുകഴിഞ്ഞു.

റൊണാൾഡോ, മെസി, നെയ്‌മർ എന്നീ താരങ്ങളുടെ കൂറ്റൻ ഫ്ലക്സുകൾ നിരന്നു. 10 അടി വലിപ്പമുള്ള ഫ്ലക്സാണ് ആരാധകർ ഉയർത്തിയത്‌.

പുറമറ്റം ജങ്ഷനിൽ തോരണങ്ങളും താരങ്ങളുടെ ചിത്രങ്ങളും കവലയെ ഉത്സവാന്തരീക്ഷത്തിലാക്കുന്നുണ്ട്. ആറാം കിരീടം നേടുമെന്ന് ബ്രസീൽ ആരാധകരും കപ്പ് വിട്ട്‌ തരില്ലെന്ന്‌ അർജന്റീന ആരാധകരും ഇത്തവണ കപ്പ്‌ തങ്ങൾക്കാണെന്ന്‌ പോർച്ചുഗൽ ആരാധകരും പറയുന്നു. ടീമിനെ ചൊല്ലി ചേരിതിരിഞ്ഞാലും ഫുട്‌ബോൾ ആവേശത്തിന്‌ വേർതിരിവില്ല. ഫുട്‌ബോൾ ലോകകപ്പിനോട്‌ അനുബന്ധിച്ച് ആരാധകരെല്ലാം ചേർന്ന് റോഡ്ഷോ നടത്താനും പ്ലാനുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home