ad
Deshabhimani

പ്രളയം 2018 – 2026

Photo

2018ൽ റാന്നി ഇട്ടിയപ്പാറ ബസ്‌ സ്റ്റാൻഡ്‌ പൂർണമായി മുങ്ങിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 15, 2026, 12:05 AM | 1 min read

​റാന്നി

ഇരുട്ടി വെളുക്കുംമുന്പ്‌ റാന്നിയും പരിസരവും ഒരു കടലായി മാറി. ഒരിക്കലും പ്രതീക്ഷിക്കാത്ത 2018ലെ മഹാപ്രളയം. ആഗസ്‌ത്‌ 14ന്‌ രാത്രിയാണ്‌ റാന്നി ട‍ൗണിലടക്കം വെള്ളം ഇരച്ചെത്തുന്നത്‌. ജൂലൈ മാസം മുതൽ തോരാതിരുന്ന മഴ ഇങ്ങനെയൊരു ചതിയായി മാറുമെന്ന്‌ ജില്ലയിലാരും പ്രതീക്ഷിച്ചിരുന്നില്ല. അപകടാവസ്ഥ മനസിലാക്കി അന്ന് എംഎൽഎ ആയിരുന്ന രാജു ഏബ്രഹാം രക്ഷാപ്രവർത്തനത്തിനിറങ്ങി. ഫയർഫോഴ്സിന്റെ റബർ ഡിങ്കിയിൽ കയറി ഒറ്റപ്പെട്ട വീടുകളിൽനിന്നും ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചു.

പിന്നീടിങ്ങോട്ട്‌ കണ്ടത്‌ നാട്‌ എങ്ങനെ തിരിച്ചുവരുമെന്ന ചോദ്യങ്ങൾക്കുള്ള മറുപടി. കൃത്യമായ പ്രളയ ദുരിതാശ്വാസ ഏകോപനം. ക്യാന്പുകളിൽ കുടുംബങ്ങൾ വയറുനിറയെ ഓണമുണ്ണുന്ന കാഴ്‌ച.

സർക്കാർ ഉടൻതന്നെ വെള്ളം കയറിയ വീടുകൾക്ക് എല്ലാം പതിനായിരം രൂപ അനുവദിച്ചുനൽകി. ശുചീകരണത്തിനായി ഡിവൈഎഫ്‌ഐ ഉൾപ്പെടെ നാടാകെ മുന്നിട്ടിറങ്ങി. എല്ലാം നഷ്ടപ്പെട്ടവർക്ക് ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും മറ്റ് ആവശ്യ സാധനങ്ങളുമായി ലോകത്തിൻറെ നാനാഭാഗത്തുനിന്നും സഹായഹസ്തങ്ങൾ. കട ഉടമകൾക്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ മൊറോട്ടോറിയം പ്രഖ്യാപിച്ചു. ഉജ്ജീവനം പദ്ധതി വഴി ഇവർക്ക് തങ്ങളുടെ ബിസിനസ് പുനരാരംഭിക്കുന്നതിന് പത്തുലക്ഷം രൂപ വരെ വായ്പ നൽകാനും നടപടി സ്വീകരിച്ചു.

എട്ട്‌ വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ആഗസ്‌ത്‌ ഒന്നിന്‌ പുലർച്ചെ മൂന്നോടെ കടകളിൽ വെള്ളം കയറി. ഇതിനുമുമ്പ് പതിവ് അനൗൺസ്‌മെന്റുകളോ അറിയിപ്പോ നൽകാത്തതിനാൽ വ്യാപാരികൾ എല്ലാം അവരവരുടെ വീടുകളിലായിരുന്നു. ഫോൺ വിളിച്ചും മറ്റും അറിഞ്ഞ് കടകളിൽ എത്തിയപ്പോഴേക്കും സാധനങ്ങൾ വെള്ളത്തിലായി. അഞ്ചരയോടെയാണ് ഇപ്പോഴത്തെ റാന്നി എംഎൽഎ വെള്ളപ്പൊക്കസൂചന നൽകി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടത്. ഇത് മാത്രമാണ് ആകെ നൽകിയ അറിയിപ്പ്. വെള്ളമിറങ്ങിയപ്പോൾ കാമറാസംഘവുമായി എംഎൽഎ റാന്നിയിലെത്തി.

എല്ലാം വൃത്തിയാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ വന്നു. സർക്കാരോ എംഎൽഎയോ ഇടപെട്ട് ഭക്ഷ്യകിറ്റുകളോ മറ്റുസാധനങ്ങളോ വീടുകളിലെത്തിച്ചില്ല. സന്നദ്ധസംഘടനകൾ മാത്രമാണ് അറിഞ്ഞ് ഏതാനും കിറ്റുകൾ വിതരണം ചെയ്തത്. പ്രളയാനന്തര പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളും പാളി. വീടുകൾക്ക് നാശനഷ്ടത്തിനനുസരിച്ചുള്ള നഷ്ടപരിഹാരത്തുകയും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home