മഴ കനത്ത എട്ട് ദിവസം
12.74 കോടിയുടെ കൃഷിനാശം

സ്വന്തം ലേഖിക
Published on Aug 09, 2026, 12:05 AM | 1 min read
പത്തനംതിട്ട
ഒരാഴ്ചയിലധികം ജില്ലയെ വിറപ്പിച്ച കനത്ത മഴ ഇല്ലാതാക്കിയത് കർഷകരുടെ ഓണക്കാല പ്രതീക്ഷകളെ. എട്ടുദിവസത്തിൽ 407.36 ഹെക്‌ടർ ഭൂമിയിലെ 12.74 കോടി രൂപയുടെ കൃഷിയാണ് വെള്ളത്തിലായത്. എട്ട് ബ്ലോക്കുകളിൽപെട്ട 7560 കർഷകരെയാണ് അപ്രതീക്ഷിതമഴ ബാധിച്ചത്.
വാഴക്കർഷകരെയാണ് മഴ കാര്യമായി ബാധിച്ചത്. ഓണക്കാലത്തെ വലിയലാഭം പ്രതീക്ഷിച്ച കർഷകർ സർക്കാർ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ്. ജില്ലയിലാകെ 1,04,364 കുലച്ച വാഴ മഴയിൽ നശിച്ചു. 1,932 കർഷകരുടെ 41.75 ഹെക്ടർ കൃഷിയാണിത്. നഷ്‌ടം 6.26 കോടി രൂപ.
32.22 ഹെക്ടറിലെ കുലയ്ക്കാത്ത 80,561 വാഴകൾ വെള്ളത്തിൽ നശിച്ചു. 1,540 കർഷകർക്ക് 3.2 കോടിയുടെ നഷ്‌ടമാണുണ്ടായത്. റാന്നി, കോന്നി മേഖലകളിൽ കനത്ത മഴയിലും കാറ്റിലും ഉരുൾപൊട്ടലിലുമാണ് കൃഷിനാശമെങ്കിൽ തിരുവല്ല, പന്തളം, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ ദിവസങ്ങളായി കെട്ടികിടക്കുന്ന വെള്ളമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.
പുല്ലാട് ബ്ലോക്കിലാണ് കൂടുതൽ നഷ്‌ടം–3.9 കോടി. കുരുമുളക്, ജാതി, തെങ്ങ്, റബർ, കിഴങ്ങുവിള, നെല്ല് കർഷകർക്കാണ് കൂടുതൽ നഷ്‌ടം. ജൂലൈ 31 മുതൽ ആഗസ്ത് ഏഴുവരെയുള്ള കണക്കാണിത്.










0 comments