കെപിസിസി മുൻ സെക്രട്ടറിയുടെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്
‘അധികാരം വികേന്ദ്രീകരിക്കാനാണ്; വീട്ടിൽ കൊണ്ടുപോകാനുള്ളതല്ല’

ആർ രാജേഷ്
Published on Dec 21, 2025, 12:05 AM | 1 min read
പത്തനംതിട്ട
ഭാര്യമാരെ ഇരുത്താൻ പത്തനംതിട്ട നഗരസഭ അധ്യക്ഷക്കസേരയ്‌ക്കായി പിടിവലിക്കുന്ന നേതാക്കളെ തുറന്നുകാട്ടി കോൺഗ്രസ് മുൻ വനിതാ നേതാവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്. കെപിസിസി മുൻ സെക്രട്ടറിയും നഗരസഭ അധ്യക്ഷയുമായിരുന്ന അജീബ എം സാഹിബാണ് രൂക്ഷവിമർശമുയർത്തിയത്. ചില നേതാക്കളുടെ അറപ്പുള്ളവാക്കുന്ന പ്രവർത്തനങ്ങൾ കോൺഗ്രസിനെ മറ്റുള്ളവരുടെ മുന്നിൽ തലകുനിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. ഇവിടെ ഗാന്ധിജി ഗ്രാമസ്വാരാജ് നടപ്പാക്കിയത് അധികാരം വികേന്ദ്രീകരിച്ച് ജനങ്ങളിലെത്തിക്കാനാണ്. അല്ലാതെ ചില നേതാക്കന്മാരുടെ കുടുംബങ്ങൾക്ക് തീറെഴുതാനല്ല– അവർ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിൽനിന്ന്: ‘വാർഡുകമ്മിറ്റി കൂടി വേണം സ്ഥാനാർഥികളെ നിശ്‌ചയിക്കാനെന്ന് കെപിസിസി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ കെപിസിസി ജനറൽ സെക്രട്ടറി പി മോഹൻരാജിന്റെ ഭാര്യ ആശ മോഹൻരാജിനെ ഏതുവാർഡുകമ്മിറ്റിയാണ് നിർദ്ദേശിച്ചത്?. അഖിലേന്ത്യ നേതാവിന്റെ വാർഡിൽ ഒരു സ്‌ത്രീയെ പോലും നിർത്താൻ കഴിയാതെ വന്നതോ?. അതോ മാറ്റാരെയും നിർത്താതെ അധികാരത്തിന്റെ മത്ത് തലയിൽപിടിച്ചതോ?. അതെ വാർഡിലല്ലേ രജനി പ്രദീപും. അവർക്കെന്തെ പാർടി ഭ്രഷ്‌ട് കൽപ്പിച്ചിരുന്നോ?. അപ്പോൾ കുടുംബാധിപത്യം ഇല്ലേ. കെഎസ്‌യു എന്ന മൂന്നക്ഷരം പോലും വിദ്യാഭ്യാസകാലത്ത് കൂട്ടിവായിച്ചിട്ടില്ലാത്ത മകൻ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജ്യേഷ്‌ഠ സഹോദരന്റെ മകൻ മുൻ വാർഡ് കൗൺസിലർ, ആ വാർഡ് വനിതാ സംവരണമായപ്പോൾ ഭാര്യ. ജില്ലാ നേതാവിന്റെ അവസ്ഥയും ഇതുതന്നെ. അവരല്ലാതെ മാറ്റാരുനിന്നാലും ആ വാർഡ് ജയിക്കില്ലെന്നാണ് വെപ്പ്. പ്രത്യേകിച്ച് നഗരസഭ ചെയർപേഴ്സൺ വനിതാ സംവരണമായാൽ പറയുകയും വേണ്ട. സ്വന്തം വാർഡിൽ മറ്റൊരാളെ പകരം നിർത്താൻ പോലും കഴിയാത്ത നേതാവ്, ഹാ കഷ്ടം. കുടുംബ പ്രാരാബ്ധങ്ങളുടെ നടുവിലും പാർടിക്കുവേണ്ടി വിയർപ്പൊഴുക്കിയ പെൺപ്പട ഈ പാർടിയിലുണ്ട്. അവർക്കില്ലാത്ത എന്തർഹതയാണ് ഇവർക്കുള്ളത്?.
പാർടി നേതൃത്വത്തോട് ഒരഭ്യർഥന മാത്രം. ഞങ്ങളൊക്കെ ഈ പ്രസ്ഥാനത്തിനുവേണ്ടി പലതും ത്യജിച്ചവരാണ്, ആ ത്യാഗത്തെ ചവുട്ടിമെതിച്ചു മുന്നോട്ടുപോകാമെന്ന് കരുതേണ്ട’. ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് പങ്കുവച്ച് പ്രവർത്തകർ ഇത് സജീവ ചർച്ചയാക്കിയിട്ടുണ്ട്.










0 comments