ശബരിഗിരിയിൽ വൈദ്യുതോൽപ്പാദനം കുത്തനെ കുറഞ്ഞു

സ്വന്തം ലേഖിക
Published on Jun 20, 2026, 12:05 AM | 1 min read
പത്തനംതിട്ട
ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതോൽപ്പാദനം കുത്തനെ കുറഞ്ഞു. 2025 ജൂണിനേക്കാൾ 81.53 ശതമാനം കുറവ് ഉൽപ്പാദനമാണ് ഇത്തവണ നടന്നത്. സംസ്ഥാനത്താകെ ജലവൈദ്യുത പദ്ധതികളിൽ ഉൽപ്പാദനം കുറഞ്ഞതോടെ ലോഡ് ഷെഡിങ്ങിലേക്ക് കടന്നിരിക്കുകയാണ് യുഡിഎഫ് സർക്കാർ.
ആകെ 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് സംസ്ഥാനത്താകെ പ്രതീക്ഷിച്ചിരുന്നതെങ്കിലും 4900 മെഗാവാട്ട് വരെ ആവശ്യം ഉയർന്ന സ്ഥിതിയുണ്ട്. എന്നാൽ ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാനോ വാങ്ങാനോ സർക്കാർ ആവശ്യമായ നടപടിയെടുത്തിട്ടില്ല. 2025 ജൂൺ ഒന്നുമുതൽ 17വരെ ശബരിഗിരിയിൽ 123.79 ദശലക്ഷം മെട്രിക് യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. എന്നാൽ ഇത്തവണ ജൂൺ 17 വരെ ഉൽപ്പാദിപ്പിക്കപ്പെട്ടത് വെറും 23.05 ദശലക്ഷം മെട്രിക് യൂണിറ്റ് വൈദ്യുതി മാത്രമാണ്.
അതേസമയം ഏപ്രിലിലെ അമിത ചൂടിൽ വൈദ്യുതി ഉപഭോഗം കൂടുന്നതിനനുസരിച്ച് ഉൽപ്പാദനത്തിലും വർധനവുണ്ടായിരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ഏപ്രിൽ 22 വരെയുള്ള ഉൽപ്പാദനം 96.03 ദശലക്ഷം മെട്രിക് യൂണിറ്റ് വൈദ്യുതിയായിരുന്നു. 2025 ഏപ്രിൽ 22 വരെ ഇത് 52.84 എംയു ആയിരുന്നു. അതായത് 84.62 ശതമാനം അധികോൽപ്പാദനം. ഇതാണ് ജൂണിൽ 80 ശതമാനത്തിലധികമായി താഴ്‌ന്നത്.










0 comments