ബജറ്റിൽ അവഗണന
മലപ്പുറത്തെ മറന്നോ

മലപ്പുറം
ജില്ലയെ പൂർണമായും അവഗണിച്ച് യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ്. കൂടുതൽ ജനസംഖ്യയും എംഎൽഎമാരും മന്ത്രിമാരുമുള്ള ജില്ലക്ക് ചുരുക്കം ചില പദ്ധതികളൊഴിച്ചാൽ നിരാശമാത്രമാണ് സമ്മാനിച്ചതെന്നാണ് നാടൊന്നാകെ പറയുന്നു. പ്രഖ്യാപിച്ച പദ്ധതികളാകട്ടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ തുക വകയിരുത്തുകയോ ടോക്കൺ അനുവദിക്കുകയോ ചെയ്‌തവയാണ്. മലബാർ ഫുട്‌ബോൾ സ്‌റ്റേഡിയം, കോഹിനൂർ– കരിപ്പൂർ എയർപോർട്ട് എലിവേറ്റഡ് ഹൈവേ, ക്യാൻസർ സെന്റർ, മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റ് ആശുപത്രിയാക്കി ഉയർത്തൽ, ഒരാടംപാലം– മാനത്തുമംഗലം ബൈപാസ് നിർമാണം തുടങ്ങിയവയാണ് ജില്ലക്ക് അനുവദിച്ച പ്രധാന പദ്ധതികൾ. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയമെന്ന ആശയം മുൻനിർത്തി കലിക്കറ്റ് സർവകലാശാലയിൽ പ്രാരംഭ നടപടി തുടങ്ങിയ പദ്ധതിയാണ് പുതുക്കിയ ബജറ്റിൽ മലബാർ ഫുട്‌ബോൾ സ്‌റ്റേഡിയമായി മാറിയത്. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ചതാണ് കാൻസർ ആശുപത്രി. ഒരാടംപാലം– മാനത്തുമംഗലം ബൈപാസ് വി ശശികുമാർ പെരിന്തൽമണ്ണ എംഎൽഎയായിരുന്ന കാലംമുതൽ ചർച്ചചെയ്യുന്നതാണ്. നിലവിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലെയും എംഎൽഎമാർ യുഡിഎഫ് പ്രതിനിധികളാണ്. 12 പേർ മുസ്ലിംലീഗിൽനിന്നുള്ളവരും നാലുപേർ കോൺഗ്രസും. ഇതിൽ നാലുപേർ മന്ത്രിമാരും. എന്നിട്ടും ജില്ലയെ പൊതുവായി ബാധിക്കുന്ന, സാധാരണക്കാരെ അഭിസംബോധന ചെയ്യുന്ന, പ്രവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതികൾ ആസൂത്രണംചെയ്യിപ്പിക്കാനും നടപ്പാക്കാനും കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. മറ്റ് മണ്ഡലങ്ങളിൽ പേരിനെങ്കിലും ചില പദ്ധതികൾ ഇടംനേടിയെങ്കിലും കോട്ടക്കൽ, താനൂർ, തിരൂർ, തിരൂരങ്ങാടി, ഏറനാട്, മങ്കട, വേങ്ങര മണ്ഡലങ്ങൾക്ക് ഒന്നുമില്ലാത്തതിലും പ്രതിഷേധമുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതും ജില്ല പ്രതീക്ഷയോടെ കാത്തിരുന്നതുമായ പല പദ്ധതികളുടെ ഭാവിയും ആശങ്കയിലാണ്. സിവില്‍ സ്റ്റേഷനില്‍ മള്‍ട്ടി യൂട്ടിലിറ്റി സ്‌പോർട്‌സ് കോംപ്ലക്‌സ്, ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജ് അറ്റകുറ്റപ്പണി, കാരാത്തോട്– കൂരിയാട് റോഡ് ബിഎംബിസി നിലവാരത്തിലാക്കല്‍, താനൂർ സബ് ട്രഷറി കെട്ടിട നിർമാണം, പരപ്പനങ്ങാടി റീജണൽ സയൻസ് സെന്റർ വികസിപ്പിക്കല്‍, കലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ന്യൂനപക്ഷ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കൽ, തൃക്കലങ്ങോട് മിനി സ്‌റ്റേഡിയം, എടക്കര ബൈപാസ്, നിലമ്പൂര്‍, ചുങ്കത്തറ, വഴിക്കടവ്, തേള്‍പ്പാറ, വാരിക്കല്‍ ടൗണ്‍ നവീകരണം, അമ്പുട്ടാന്‍പൊട്ടി ശാന്ത്രിഗ്രാം പാലം, മൊടവണ്ണക്കടവില്‍ പാലം, പോത്തുകല്ല് ഭൂദാനം കടവ് പാലം തുടങ്ങിയ പദ്ധതികളുടെയെല്ലാം ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം.










0 comments