ad
Deshabhimani

print edition ജോലിയിൽ തിരിച്ചെടുക്കണം; മെന്റർ അധ്യാപകർ നിരാഹാരം തുടങ്ങി

Tribal Mentors Protest against UDF govt

വയനാട് കലക്ടറേറ്റിന്‌ മുന്നിൽ ഗോത്ര ബന്ധു അധ്യാപകർ നടത്തുന്ന നിരാഹാര സമരത്തിൽനിന്ന്

avatar
സ്വന്തം ലേഖകൻ

Published on Jun 20, 2026, 01:19 AM | 1 min read

കൽപ്പറ്റ: യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയ ഉടൻ പിരിച്ചുവിട്ട ഗോത്രവിഭാഗം മെന്റർ അധ്യാപകർ വയനാട്‌ കലക്ടറേറ്റിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങി. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ കൈക്കുഞ്ഞുങ്ങളുമായാണ്‌ സമരത്തിലുള്ളത്‌.


ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനപിന്തുണ നൽകാനും എൽഡിഎഫ് സർക്കാർ ഗോത്രബന്ധു പദ്ധതി പ്രകാരം നിയമിച്ച്‌ ഒന്പത്‌ വർഷമായി ജോലിചെയ്‌ത 326 അധ്യാപകരെയാണ്‌ യുഡിഎഫ്‌ പിരിച്ചുവിട്ടത്‌. വയനാട്ടിൽ മാത്രം 241 ഗോത്ര അധ്യാപകർക്ക്‌ ജോലി നഷ്ടമായി. പാലക്കാട്‌, മലപ്പുറം ജില്ലകളിലാണ്‌ മറ്റുള്ളവർ.


നിലവിലുള്ളവരെ പിരിച്ചുവിട്ട്‌ പുതിയ നിയമനത്തിന്‌ സർക്കാർ വിജ്ഞാപനം ഇറക്കി. അപേക്ഷിക്കാനുള്ള യോഗ്യത 45 വയസ്സായി നിജപ്പെടുത്തി. ഒന്പത്‌ വർഷമായി ജോലി ചെയ്യുന്ന പലരും 45 വയസ്സ്‌ കഴിഞ്ഞവരാണ്‌. ഇവർക്ക്‌ അപേക്ഷിക്കാനാകില്ല. പിഎസ്‌സിക്ക്‌ അപേക്ഷിക്കാനുള്ള പ്രായപരിധിയും അവസാനിച്ചു. മറ്റൊരു സർക്കാർ ജോലിയും ഇനി ലഭിക്കില്ല. നിലവിലുള്ള മാനദണ്ഡപ്രകാരം ടിടിസിയും ബിഎഡും കഴിഞ്ഞവർക്കായിരുന്നു നിയമനം. പുതിയ വിജ്ഞാപന പ്രകാരം പ്ലസ്‌ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇത്‌ ടീച്ചർ നിയമനത്തിന്റെ മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധവും രാഷ്‌ട്രീയ താൽപ്പര്യപ്രകാരം ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനാണെന്നും അധ്യാപകർ ആരോപിച്ചു.


നിലവിലുണ്ടായിരുന്ന മുഴുവൻ അധ്യാപകർക്കും പുനർനിയമനം നൽകണമെന്നും പുതിയ അപേക്ഷ ക്ഷണിച്ച്‌ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം. പിരിച്ചുവിട്ട അധ്യാപകരായ വി ജി അഞ്ജലി, പി ജി അശ്വതി, കെ എസ്‌ ഹിമ, പി എം ലത എന്നിവരാണ്‌ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്‌. മെന്റർ അധ്യാപക കൂട്ടായ്‌മ കൺവീനർ എൻ അനീഷ ഉദ്‌ഘാടനംചെയ്‌തു. എ ബി സന്ധ്യ അധ്യക്ഷയായി. മുൻ എംഎൽഎ സി കെ ശശീന്ദ്രൻ, കെ അച്ചപ്പൻ എന്നിവർ സംസാരിച്ചു. പി കെ സിമി സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home