ജനവാസ മേഖലയിൽ കറങ്ങി വന്യമൃഗങ്ങൾ
കാടുകയറി ‘കറണ്ട് ' കമ്പികൾ


സ്വന്തം ലേഖകൻ
Published on Jun 12, 2026, 12:05 AM | 1 min read
ചിറ്റാർ
ലക്ഷങ്ങളും കോടികളും മുടക്കി വനാതിർത്തികളിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലികൾ കാടുകയറി നശിക്കുന്നു. വന്യമൃഗശല്യത്തിൽ നിന്നും ജനവാസ മേഖലയെ രക്ഷിക്കാൻ കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികളാണ് ആർക്കും ഒരു പ്രയോജനവും ലഭിക്കാതെ നശിക്കുന്നത്. കൃത്യമായ ഇടവേളകളിൽ വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന പ്രദേശത്തെ അടിക്കാടുകളും പടർപ്പുകളും നീക്കം ചെയ്യാത്തതിനാലാണ് കോടി കണക്കിന് രൂപ മുടക്കി വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലി സംവിധാനം പരാജയപ്പെടുന്നത്. ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിൽ അടിക്കാടുകളും പടർപ്പുകളും വളർന്ന് കയറുന്നതിനാൽ വൈദ്യുതി പ്രവാഹം നിലയ്ക്കും. കാട്ടുമൃഗങ്ങൾ യാതൊരു തടസവും കൂടാതെ ജനവാസ മേഖലയിലിറങ്ങി നാശം വിതയ്ക്കാൻ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്. നിലവിൽ ഒരു കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിയ്ക്കാൻ 8 മുതൽ 10 ലക്ഷം രൂപ വരെയാണ് ചെലവ്. ഇത്തരത്തിൽ ലൈൻ വലിച്ചു കഴിഞ്ഞാൽ വനം വകുപ്പ് ഒരു വിധത്തിലും പരിപാലനച്ചുമതല നടത്താറില്ല. അടിക്കാടും പടർപ്പും തെളിയ്ക്കാനുള്ള വകുപ്പ് തങ്ങൾക്കില്ലെന്നാണ് അവരുടെ ന്യായം. കാട്ടാനയും മ്ലാവും കാട്ടുപോത്തും പുലിയും കടുവയും കാട് വിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങി നാശം വിതയ്ക്കുന്നത് പതിവായിട്ടും വനംവകുപ്പിന് ഈ കാര്യത്തിൽ യാതൊരു മാറ്റവുമില്ല. വന സംരക്ഷണ സമിതികളെ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ മുടക്കം കൂടാതെ ചെയ്യാവുന്നതാണ്. ഇതിനാവശ്യമായ ഫണ്ടും ഉണ്ട്. ഇത്തരത്തിൽ കാടുമൂടിയും പരിപാലിക്കാത്തതിനാലും വനംവകുപ്പിന് ഉണ്ടാകുന്ന നഷ്ടം കോടികളാണ്. വനാതിർത്തിയിലെ ജനവാസ മേഖലയിലെ കർഷകരുടെ നഷ്ടം പ്രവചനാതീതവുമാണ്. സൗരോർജ്ജ വേലികളുടെ സംരക്ഷണ ചുമതലയും വനംവകുപ്പ് വഹിക്കുക തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments