ad
Deshabhimani

കൗൺസിൽ യോഗം ബഹിഷ്കരിച്ചു

കോർപറേഷൻ അനാസ്ഥയ്‌ക്കെതിരെ എൽഡിഎഫ്‌ പ്രതിഷേധം

വിവിധ വിഷയങ്ങളിലെ കോർപറേഷന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചു എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു കൊണ്ട് കോർപറേഷന് മുന്നിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുന്നു            ഫോട്ടോ ശ്രീധർ
വെബ് ഡെസ്ക്

Published on Jun 12, 2026, 01:08 AM | 2 min read



കൊല്ലം

ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിലെ കോർപറേഷൻ അനാസ്ഥയ്‌ക്കെതിരെ കൗൺസിൽ യോഗത്തിൽ എൽഡിഎഫ്‌ പ്രതിഷേധവും വാക്ക് ഔട്ടും നടത്തി. പകർച്ച വ്യാധികളുടെ പിടിയിലായ ജില്ലയെ രക്ഷിക്കുക, മഴക്കാല പൂർവ ശുചീകരണത്തിലെ പാളിച്ചകൾ, ഡിവിഷൻ തലത്തിൽ മഴക്കാല പൂർവ ശുചീകരണത്തിനു നൽകാമെന്ന് പറഞ്ഞ തുക നൽകുന്നതിലെ വീഴ്ച, തെരുവ് വിളക്ക് പരിപാലനത്തിലെ വീഴ്‌ച, നഗരത്തിലെ തെരുവുനായകളുടെ വിളയാട്ടം, എബിസി പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൽഡിഎഫ്‌ ക‍ൗൺസിലർമാരുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. തുടർന്ന് കോർപറേഷന്‌ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു ​കൗൺസിലിൽ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് സി ബാബു മുന്നണി നിലപാട് വ്യക്തമാക്കി. നഗരത്തിലേക്ക് എത്തുന്നവർ തെരുവ് നായകളെ പേടിച്ച്‌ വടിയുമായി എത്തേണ്ട സ്ഥിതിയാണ്‌. ഭരണത്തിലേറി ഒരു മാസത്തിനുള്ളിൽ തെരുവ് നായകൾക്കുള്ള ഷെൽട്ടറുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ നടപടിയായിട്ടില്ല. ജനങ്ങൾ വിനോദത്തിനായി ബീച്ചിൽ പോയാൽ എലി കടിയേറ്റ്‌ ചികിത്സതേടേണ്ട സ്ഥിതിയാണെന്നും സി ബാബു ആരോപിച്ചു. ആശ്രാമം മൈതാനത്ത്‌ ശുചിമുറി മാലിന്യം തള്ളിയിട്ട്‌ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാണേണ്ടവരെ കണ്ടാൽ എവിടെയും മാലിന്യം നിക്ഷേപ്പിക്കാവുന്ന സ്ഥിതിയാണ്. ഇതിനൊപ്പം അനധികൃത നിയമനവും തകൃതിയായി നടക്കുകയാണ്. പണംവാങ്ങി കോൺഗ്രസുകാരെ തിരുകി കയറ്റുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തും. മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട്‌ ക‍ൗൺസിലർമാർക്ക്‌ ഒരു ലക്ഷം രൂപ നൽകാമെന്ന്‌ പറഞ്ഞെങ്കിലും നഗരം വെള്ളക്കെട്ടിലായിട്ടും ഇതുവരെ തുക നൽകിയിട്ടില്ല. ക‍ൗൺസിലിൽ തീരുമാനം അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുകയാണ് ഭരണസമിതി. കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ പ്രവൃത്തികൾ തുടർന്ന് കൊണ്ടുപോകുകമാത്രമാണ്‌ ആറുമാസമായിട്ടും പുതിയ ഭരണസമിതി ചെയ്യുന്നത്. മാലിന്യനിർമാർജനത്തിനായി പുതിയ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. തെരുവുവിളക്കുകൾ പലതും കത്തുന്നില്ല. ആരോഗ്യമേഖല ഐസിയുവിലായ സ്ഥിതിയാണ്. കോർപറേഷൻ പരിധിയിൽ ഷിഗല്ല, ഡെങ്കി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ചവരുടെ എണ്ണം വർധിച്ചിട്ടും പ്രതിരോധ നടപടികൾ ഒന്നുമായിട്ടില്ലെന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. കോർപറേഷന്‌ മുന്നിലെ പ്രതിഷേധത്തിന്‌ പാർലമെന്ററി പാർടി നേതാവ് സി ബാബു നേതൃത്വംനൽകി. കൗൺസിലമാരായ രാജേന്ദ്രൻ, റാഫി, പ്രശാന്ത്, മുസ്തഫ, മഹേഷ്‌, സുജ, അജീന പ്രശാന്ത് എന്നിവരും മറ്റു കൗൺസിലർ പങ്കെടുത്തു. ഉന്നയിച്ച വിഷയങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ എൽഡിഎഫ് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home