ചെങ്കോട്ട കാക്കാൻ കോന്നി

ഷാഹീർ പ്രണവം
Published on Apr 05, 2026, 12:05 AM | 1 min read
കോന്നി പ്രചാരണത്തിനു തുടക്കംമുതലേ ഇടത് ആധിപത്യം തുടരുന്ന കോന്നിയിൽ അവസാനലാപ്പിലും മറിച്ചൊന്നും കാണാനില്ല. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ പൊതുപര്യടനത്തിന് ശനിയാഴ്‌ച സമാപിച്ചപ്പോഴും അത് ദൃശ്യമായിരുന്നു. കഴിഞ്ഞ ആറരവർഷം മണ്ഡലം അനുഭവിച്ചറിഞ്ഞ വികസന പ്രവർത്തനങ്ങൾ മാത്രമാണ് കോന്നിയിൽ എവിടെയും ചർച്ച. ജനീഷ് കുമാറിന്റെ സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം പോലും യുഡിഎഫ്, എൻഡിഎ മുന്നണികളെ അമ്പരപ്പിച്ചിരുന്നു. 11 പഞ്ചായത്തുകളിലായി 29 മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളും 228 ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള കമ്മിറ്റികളും വിശ്രമമില്ലാതെയാണ് പ്രവർത്തനരംഗത്തുള്ളത്. ബൂത്ത് അടിസ്ഥാനത്തിൽ ആയിരത്തിലധികം കുടുംബയോഗങ്ങൾ ചേർന്നു. ബൂത്ത് കൺവൻഷനുകളിൽ വൻ പങ്കാളിത്തം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വരവും കോന്നിയെ ഇളക്കിമറിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിലും ജനസാഗരത്തെ കണ്ടത്. തൊഴിലാളി, വനിതാ, യുവജന, വിദ്യാർഥി, കർഷക, കർഷകത്തൊഴിലാളി സംഘടനകളാകെ സ്‌ക്വാഡുകൾ രൂപീകരിച്ച് ഭവനസന്ദർശനത്തിലാണ്. രണ്ടുമാസം മുന്പേ തന്നെ എൽഡിഎഫ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. യുഡിഎ-ഫിനെയും എൻഡിഎയെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി നിർണയം. അടൂർ പ്രകാശിന് സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസിലെ വലിയൊരു വിഭാഗം അസംതൃപ്തിയിലാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അവകാശപ്പെട്ട് കെ സുരേന്ദ്രൻ രണ്ട് തവണ മത്സരിച്ച ഇവിടെ ബിഡിജെഎസിനാണ് സീറ്റ് നൽകിയത്. ഇതിനെതിരെ ബിജെപിയിലും പോര് രൂക്ഷമാണ്.










0 comments