ad
Deshabhimani

കലാശക്കൊട്ട്‌ ഇന്ന്‌

കൊട്ടിക്കയറുക എൽഡിഎഫ്‌ ‘കാലത്തിൽ’

Photo

പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് എത്തുന്നു

avatar
ആർ രാജേഷ്‌

Published on Apr 07, 2026, 12:05 AM | 2 min read

പത്തനംതിട്ട

നിയമസഭാ തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിന്‌ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രചാരണരംഗത്ത്‌ മേൽക്കൈ നേടി എൽഡിഎഫ്‌. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ സ്ഥാനാർഥികൾ ബഹുദൂരം മുന്നിലാണ്‌. വികസനം പ്രധാന ചർച്ചയായതാണ്‌ പ്രചാരണത്തിന്റെ ഹൈലൈറ്റ്‌. അതുതന്നെയാണ്‌ എൽഡിഎഫിന്റെ ആത്മവിശ്വാസവും. വികസനത്തെക്കുറിച്ച്‌ എല്ലാ മണ്ഡലങ്ങൾക്കും പറയാനുണ്ടേറെ. കോന്നി മെഡിക്കൽ കോളേജ്‌, പുനലൂർ – മൂവാറ്റുപുഴ മലയോര ഹൈവേ, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത്‌ ലാബ്, ആധുനിക സ്‌റ്റേഡിയങ്ങൾ, പാലങ്ങൾ, ഉന്നത നിലവാരത്തിലുള്ള റോഡുകൾ‍, സ്‌കൂൾ– ആശുപത്രി സമുച്ചയങ്ങൾ ഇവയെല്ലാം എൽഡിഎഫ്‌ മുന്നേറ്റത്തിന്‌ അടിത്തറ പാകുന്ന ഘടകങ്ങളാണ്‌. പ്രചാരണങ്ങളിലൊക്കെയും അത്‌ നിഴലിച്ചു. സ്ഥാനാർഥികൾ ഏത്‌ കേന്ദ്രങ്ങളിൽ ചെന്നാലും അവരുടെ മുൻകൈയിലുള്ള വികസനത്തിന്റെ കൈയൊപ്പ്‌ വരവേൽപ്പിന്‌ മാറ്റുകൂട്ടി.

ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ യു ജനീഷ്‌കുമാറും തിരുവല്ലയിൽ മാത്യു ടി തോമസും അടൂരിൽ പ്രിജി കണ്ണനും റാന്നിയിൽ പ്രമോദ്‌ നാരായണും ഇതിനകം വോട്ടർമാരുടെ ഹൃദയത്തിലിടം നേടുന്നതാണ്‌ കണ്ടത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി എന്നിവരടക്കമുള്ളവർ എൽഡിഎഫ്‌ പ്രചാരണത്തിന്‌ ചുക്കാൻ പിടിക്കാനെത്തിയതും ആവേശമായി.

സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കവും പാർടിവിടലുമൊക്കെ യുഡിഎഫിന്‌ വലിയ ക്ഷീണമാണുണ്ടാക്കിയിട്ടുള്ളത്‌. ആറന്മുളയിലും റാന്നിയിലും അടൂരും അത്‌ പ്രകടമായിരുന്നു. ഡിസിസി ഒറ്റക്കെട്ടായി നിന്നിട്ടുപോലും എറണാകുളം കോലഞ്ചേരി സ്വദേശിയായ അബിൻ വർക്കിയെയാണ്‌ അവസാനം ഇവിടെ അടിച്ചേൽപ്പിച്ചത്‌. ക‍ീഴ്‌ഘടകങ്ങളിലടക്കം അതിന്റെ പ്രതിഫലനം കാണാം. മിക്കയിടത്തും പ്രാദേശിക പ്രവർത്തകർ വിട്ടുനിൽക്കുകയാണ്‌. ഒടുവിൽ എതിരാളികൾക്കെതിരെ ‘മുഖമില്ലാത്തവരെ’വച്ചുള്ള സൈബർ ആക്രമണത്തിൽ അഭയം കണ്ടെത്തിയിരിക്കുകയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിയും കൂട്ടരും. ഇതിനിടെ ഡിസിസി അംഗവും പാർടിവിട്ടു. അടൂരിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ്‌ പാർടി വിട്ട്‌ നേതൃത്വത്തിനെതിരെ ആദ്യവെടി പൊട്ടിച്ചത്‌. റാന്നിയിൽ മത്സരിക്കാൻ മണ്ഡലത്തിന്‌ പുറത്തുനിന്ന്‌ ആളെ കെട്ടിയിറക്കിയതിന്റെ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കോന്നിയിൽ ‘അടൂർ പ്രകാശ്‌ ഫാക്‌ടർ’ ഭീഷണിയിലാണ്‌ കോൺഗ്രസ്‌. ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ മത്സരിക്കുന്ന തിരുവല്ലയിലും സ്ഥിതി സമാനമാണ്‌. മുൻ എംഎൽഎയാണ്‌ ഇവിടെ യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിവരെ എത്തിയിട്ടും ചില മണ്ഡലങ്ങൾ കേന്ദ്രീകരിച്ച്‌ മാത്രമാണ്‌ എൻഡിഎയുടെ പ്രചാരണമെന്നതും ശ്രദ്ധേയമാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home